Connect with us

National

വാര്‍ത്തകള്‍ക്ക് വിലക്ക്:മംഗളുരുവില്‍ മലയാളികളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

മംഗളൂരു | പൗരത്വനിയമഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ മലയാളികള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കര്‍ണാടക സര്‍ക്കാറിന്റെ അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമെ വാര്‍ത്തകള്‍ ശേഖരിക്കാന്‍ പോലീസ് അനുവദിക്കുന്നുള്ളു. വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.

മംഗളൂരുവില്‍ നിരോധനാജ്ഞ നിലനില്‍ക്കെ പ്രതിഷേധപ്രകടനം നടത്തിയ യുവാക്കള്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടത്. മംഗളൂരു ബന്ദറിലെ ജലീല്‍ ബന്ദക്, കുദ്രോളി സ്വദേശി നൗഷീന്‍ എന്നിവരാണ് മരിച്ചത്

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിയത്.

പൊലീസ് എത്തി മാധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി എസ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കര്‍ഫ്യൂ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇവരുടെ ഫോണുകളും കാമറകളും പിടിച്ചെടുത്തു.

പ്രതിഷേധങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്ന സൂചനയെ തുടര്‍ന്ന് മംഗളൂരുവില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരെ പാണ്ഡവപുര സ്റ്റേഷനില്‍ ചോദ്യംചെയ്യുകയാണ്.

വ്യാഴാഴ്ചത്തെ വെടിവെപ്പില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നയാളുടെ നില ഗുരുതരമായി തുടരുന്നു. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
ദക്ഷിണ കാനറയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, മംഗളൂരുവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കാനറ ജില്ലയുള്‍പ്പെടുന്ന കാസര്‍കോടിന്റെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ ജാഗ്രതാനിര്‍ദേശമുണ്ട്. കൂടാതെ, കേരളത്തിന്റെ വടക്കന്‍ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, വയനാട് കോഴിക്കോട് എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശിച്ചിട്ടുണ്ട്.

സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസന്‍, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി ബി ദയാനന്ദ് മംഗളൂരുവില്‍ എത്തി. അതേസമയം നിരോധനാജ്ഞ ലംഘിച്ചു ബെംഗളൂരുവില്‍ സമരം ചെയ്യുമെന്ന് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

 

Latest