Kerala
പൗരത്വ നിയമം: കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രതിഷേധം, സംഘര്‍ഷം
കോഴിക്കോട് | പൗരത്വ നിയമത്തിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലില്‍ സംഘര്‍ഷം. വ്യാഴാഴ്ച രാത്രി 10.30 മുതലാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയത്. എസ്എഫ്‌ഐ, കോണ്‍ഗ്രസ്, ക്യാംപസ് ഫ്രണ്ട്, ഫ്രറ്റേണിറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ഡി.വൈ.എഫ്.ഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ 10.30ന് കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കുള്ള കര്‍ണാടക ആര്‍.ടി.സി ബസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിനു മുന്‍വശമുള്ള റോഡ് ഉപരോധിച്ചു. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് പൊലിസ് ഇടപെട്ടു. തുടര്‍ന്നുണ്ടായ വാക്കേറ്റം സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബീച്ച് ഫയര്‍സ്റ്റേഷനില്‍ നിന്ന് ഒരു യൂണിറ്റ് എത്തി തീ അണച്ചു.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെയും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെയും നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്നത്. ഏറെ വൈകിയും പ്രധിഷേധപ്രകടനങ്ങള്‍ നടന്നു. 11.45ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ എത്തിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അമിത് ഷായുടെയും യെദ്യൂരപ്പയുടെയും കോലവും കത്തിച്ചു. ഡി.സി.പി ജമാലുദ്ധീന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.




