Connect with us

Ongoing News

പൗരത്വം കാത്ത് കഴിയുന്ന ഇവരെ എന്താണ് ചെയ്യാൻ പോകുന്നത് ?

Published

|

Last Updated

പൗരത്വത്തിനായി ഇനിയുമേറപ്പേർ ഇവിടെ കാത്തിരിക്കുന്നുണ്ട്. ആവരെയൊന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെയായിരുന്നു പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിക്ക്, ജൈന, പാർസി, ബുദ്ധ വിഭാഗത്തിൽപ്പെട്ട അഭയാർഥികൾക്ക് പൗരത്വം നൽകുന്ന ബില്ല് നമ്മുടെ നിയമ നിർമാണ സഭകൾ കന്നുപോയത്. തമിഴ്നാട്ടിലെ വിവിധിയടങ്ങളിലുള്ള ശ്രീലങ്കൻ അഭയാർഥി ക്യാമ്പിലേക്കു വരൂ, എന്നിട്ട് പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന മുസ്്ലിം ഇരത അഭയാർഥികളെക്കുറിച്ച് മാത്രം സംസാരിക്കൂ. റോഹിംഗ്യകളടക്കം നിരവധി മുസ്്ലിം അഭയാർഥികൾ മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ ജീവിക്കാനുള്ള പരമമായ അവകാശമായ പൗരത്വം ചോദിക്കുന്നുണ്ട്. അവരെക്കുറിച്ചല്ല. മറിച്ച് ഹിന്ദുവായി ജനിക്കുകയും പ്രതീക്ഷിയുടെ തുരുത്തെന്ന രീതിയിൽ ഈ രാജ്യത്തേക്ക് കടന്നുവരികയും ചെയ്ത കുറെ മനുഷ്യർ ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജിവിച്ചിരിപ്പുണ്ട്. അവരെയൊന്നും പരിഗണിക്കാതെയായിരുന്നു ഭരണകൂടം ഈ ബില്ല് കടത്തിക്കൊണ്ടുപോയത്.

തമിഴ്നാട്ടിലെ രാമേശ്വരം കടൽതീരത്ത് മത്സ്യബന്ധന ബോട്ടിൽ വന്നിറങ്ങുമ്പോൾ ലക്ഷ്മിക്ക് ഏഴ് വയസ്സ് മാത്രമായിരുന്നു പ്രായം. കടൽ കടന്നുവന്നതിന്റെ ചെറിയ ചിന്തകൾ ഇപ്പോഴും അവരുടെ ഓർമയിൽ മങ്ങി മങ്ങി നിൽപ്പുണ്ട്. അമ്മയും ജ്യേഷ്ഠത്തിയും മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. അച്ഛൻ ശ്രീലങ്കയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടു. മറ്റു ബന്ധുക്കൾ എവിടെയെന്ന് അറിയില്ല. മൂന്നുപേരും അധികൃതർ പുതുച്ചേരിക്ക് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് അയച്ചു. ഇപ്പോൾ കുടിൽകെട്ടി ഇവിടെ കഴിയുകയാണ്. ജീവിതം മുഴുവൻ ഇന്ത്യക്കാരിയായി ജിവിച്ചു. ഇപ്പോഴും പൗരത്വം എന്ന നിലനിൽപ്പിന്റെ ചോദ്യം അവർ നേരിട്ടുകൊണ്ടേയിരിക്കുന്നു.

ചെന്നൈയിൽ നിന്ന് അമ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന സ്ഥലമാണ് ഗുമ്മിഡിപുണ്ടി. ഇവിടെയൊരു അഭയാർഥി ക്യാമ്പുണ്ട്. ശ്രീലങ്കിൽ നിന്നുമെത്തിയ അഭയാർഥികളാണ് ഇവിടെ താമസിക്കുന്നത്. എൻ ആർ സി വരുന്നതോടെ ഇവിടെയുള്ള താമസവും തങ്ങൾക്ക് നഷ്ടപ്പെടുമെന്ന ഭയമാണ് ഈ ക്യാമ്പിൽ ജീവിക്കുന്നവരുടേത്. ഏകദേശം 3000 പേർ ഇവിടെ പൗരത്വമില്ലാതെ ജീവിക്കുന്നു. ഈ ക്യാമ്പിൽ ജീവിക്കുന്ന ഒരാളാണ് ദിനേഷൻ. കെട്ടിടനിർമാണമുൾപ്പടെയുള്ള ദിവസകൂലിക്കുള്ള പണികളെടുത്തു ജീവിച്ചുപോകുന്നൊരാൾ. ശ്രീലങ്കയിൽ നിന്നുവന്നവരാണെങ്കിലും തങ്ങളുടെ പൂർവികർ ഇവിടെയുള്ളവരായിരുന്നുവെന്ന് ദിനേഷൻ പറഞ്ഞു. എൻ ആർ സി വരുന്നുവെന്നറിഞ്ഞതിൽ പേടിയുണ്ട്. ഇപ്പോഴുള്ള ഇടത്തുനിന്നും പുറത്താകുമോയെന്നറിയില്ലെന്നും ദിനേഷൻ കൂട്ടിച്ചേർത്തു. ശ്രീലങ്കയിൽ തമിഴ് പുലികളും ഭരണകൂടവും ഏറ്റുമുട്ടൽ നടന്ന സന്ദർഭത്തിൽ കുടിയേറിയവരാണ് ശ്രീലങ്കൻ തമിഴ് അഭയാർഥികൾ. ഇവർക്കുപുറമെ നേപ്പാളിൽ നിന്നും ബുട്ടാനിൽ നിന്നും വിവിധ കാരണങ്ങളാൽ കുടിയേറിയ വിവിധ ഹിന്ദുവിഭാഗങ്ങളും പൗരത്വ ബില്ലിനായി കാത്തിരിക്കുന്നുണ്ട്. ഇവരെയൊന്നും പരിഗണിക്കാതെയായിരുന്നു പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്.

Latest