Connect with us

Gulf

യു എ ഇയിലെ മെഡിക്കല്‍ രംഗവുമായി കൈകോര്‍ക്കാന്‍ ഇന്തോനേഷ്യ

Published

|

Last Updated

ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രി ഡോ. തെരാവാന്‍ അഗസ് പുരാന്തോയുടെ നേതൃത്വത്തിലുള്ള സംഘത്തെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ വി പി എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ സ്വീകരിക്കുന്നു

അബൂദബി | ആരോഗ്യ മേഖലയില്‍ യു എ ഇയുമായി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വി പി എസ് ഹെല്‍ത്ത് കെയറിന് കീഴിലുള്ള ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി സന്ദര്‍ശിച്ച് ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രിയുടെ നേത്വത്തിലുള്ള ഉന്നതതല സംഘം. അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന നാനൂറു കിടക്കകളുള്ള മെഡിക്കല്‍ സിറ്റി ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രി ഡോ. തെരാവാന്‍ അഗസ് പുരാന്തോയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇന്തോനേഷ്യയിലെ വ്യവസായ പ്രമുഖരും അടങ്ങുന്നതാണ് സംഘം. യു എ ഇയിലെ ഇന്തോനേഷ്യന്‍ സ്ഥാനപതി ഹുസൈന്‍ ബൈയ്ഗ്സും സംഘത്തോടൊപ്പമുണ്ടായിരുന്നു.

വി പി എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ സംഘത്തെ സ്വീകരിച്ചു.
ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ലഭ്യമായ അത്യാധുനിക ചികിത്സാ സൗകര്യങ്ങളെപ്പറ്റി അദ്ദേഹം പ്രതിനിധി സംഘത്തോട് വിശദീകരിച്ചു. കുട്ടികളിലെയും മുതിര്‍ന്നവരിലേയും അര്‍ബുദ ചികിത്സ്‌ക്ക് വിപുലമായ സംവിധാനങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. അര്‍ബുദ ചികിത്സാ രംഗത്തു പരസ്പര സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകള്‍ പ്രതിനിധി സംഘം ആരാഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ നിന്ന് അനുഭവം ഉള്‍ക്കൊണ്ട് ഇന്തോനേഷ്യയിലെ ആരോഗ്യ രംഗം കൂടുതല്‍ ശക്തിപ്പെടുത്താണ് മന്ത്രി തെരാവാന്‍ അഗസ് പുരാന്തോ പറഞ്ഞു. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി ആഗോള തലത്തിലുള്ള സൗകര്യങ്ങളുള്ള ആശുപത്രിയാണ്. രോഗികള്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്ന രീതിയിലാണ് മെഡിക്കല്‍ ഇത് നിര്‍മിച്ചതും. ഇവിടെ എത്തുന്ന രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ അന്താരാഷ്ട തലത്തിലുള്ള രോഗികള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഇന്തോനേഷ്യക്ക് മെഡിക്കല്‍ ടൂറിസം രംഗത്തുള്ള അനുഭവങ്ങള്‍ പ്രതിനിധി സംഘം പങ്കുവച്ചു. യു എ ഇയെ മെഡിക്കല്‍ ടൂറിസത്തിന്റെ കേന്ദ്രമാക്കാനാണ് വി പി എസ് ഹെല്‍ത്ത്‌കെയറിന്റെ ശ്രമം. ലൈഫ്ഫാര്‍മയുമായി ചേര്‍ന്ന് ഔഷധ നിര്‍മാണ, വിതരണ രംഗത്ത് സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം അറിയിച്ചു. ജെബലേലിയിലെ ലൈഫ് ഫാര്‍മ യൂനിറ്റ് സന്ദര്‍ശിച്ച പ്രതിനിധി സംഘം ഔഷധ നിര്‍മാണത്തിലെ നൂതന സാങ്കേതിക വിദ്യകളും വിലയിരുത്തി.