Connect with us

Gulf

പത്താമത് ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 19ന് തുടങ്ങും

Published

|

Last Updated

അബൂദബി | കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പത്താമത് ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 19 ന് ആരംഭിക്കും. ജനുവരി നാലുവരെ നീണ്ടുനില്‍ക്കും. യു എ ഇ യുടെ വിവിധ എമിറേറ്റ്‌സുകളില്‍ നിന്നുള്ള എട്ടു സമിതികള്‍ അവതരിപ്പിക്കുന്ന നാടകങ്ങളാണ് അരങ്ങേറുകയെന്ന് കെ എസ് സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ നാടകോത്സവമാണ് ഇത്. വിശ്വ പ്രസിദ്ധങ്ങളായ ഒട്ടേറെ നാടകങ്ങള്‍ പ്രവാസ ലോകത്തെ നാടകാസ്വാദര്‍ക്ക് സമ്മാനിക്കുവാന്‍ ഇവിടുത്തെ നാടക സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഏറ്റവും മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച മൂന്നാമത്തെ അവതരണം, സംവിധായകന്‍, നടന്‍, നടി, രണ്ടാമത്തെ നല്ല നടന്‍, രണ്ടാമത്തെ നല്ല നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, ചമയം, രംഗസജ്ജീകരണം എന്നീ പുരസ്‌കാരങ്ങള്‍ക്ക് പുറമെ പ്രോത്സാഹന സമ്മാനമായി യു എ ഇ യില്‍ നിന്നുള്ള ഏറ്റവും നല്ല സംവിധായകനും സമ്മാനമുണ്ട്. നാടകോത്സവത്തിന്റെ ഭാഗമായി യു എ ഇ യിലെ നാടക രചയിതാക്കള്‍ക്കായി ഏകാംഗ നാടക രചനാ മത്സരവും സംഘടിപ്പിക്കാറുണ്ട്. ഒരുമണിക്കൂറില്‍ കുറയാത്ത പരമാവധി രണ്ട് മണിക്കൂര്‍ നീളുന്ന നാടകങ്ങളാണ് നാടകോത്സവത്തില്‍ അവതരിപ്പിക്കുക.

ഏറ്റവും മികച്ച അവതരണത്തിന് അവാര്‍ഡ് തുക 10,000 ദിര്‍ഹത്തില്‍ നിന്ന് 15,000 ദിര്‍ഹമായും രണ്ടാമത്തെ മികച്ച അവതരണത്തിന് 7000 ദിര്‍ഹത്തില്‍ നിന്ന് 10000 ദിര്‍ഹമായും മികച്ച മൂന്നാമത്തെ അവതരണത്തിന് 3000 ദിര്‍ഹത്തില്‍ നിന്ന് 5000 ദിര്‍ഹമായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട് . മികച്ച യു എ ഇ യിലെ സംവിധായകന് ഇക്കുറി 500 ദിര്‍ഹം സമ്മാനം നല്‍കും.
നാടകോത്സവത്തിന്റെ ഉദ്ഘാടനം 19ന് രാത്രി എട്ടിന് സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് നിര്‍വഹിക്കും. നാടക ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കലാപരിപാടികളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നാടക മത്സരത്തിന്റെ അവാര്‍ഡ് പ്രഖ്യാപനവും സമ്മാനദാനവും 2020 ജനുവരി നാലിന് രാത്രി എട്ടിന് നടക്കും. ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ മുഖ്യാതിഥിയായിരിക്കും.

എല്ലാ ദിവസവും രാത്രി എട്ടിന് നാടകം ആരംഭിക്കും. പ്രവേശന ടിക്കറ്റിന് പത്ത് ദിര്‍ഹമാണ് ചാര്‍ജ്. 50 ദിര്‍ഹമാണ് സീസണ്‍ ടിക്കറ്റ് നിരക്ക്. കെ എസ് സി പ്രസിഡന്റ് ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി ബിജിത്ത് കുമാര്‍, ലുലു റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍, കലാവിഭാഗം സെക്രട്ടറി ഹാരിസ് സി എം പി, വിനോദ് നമ്പ്യാര്‍, പ്രകാശ് പള്ളിക്കാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.