Connect with us

Kerala

പോലീസ് അതിക്രമം; ജനാധിപത്യ സംരക്ഷണത്തിന് വിദ്യാർഥികൾ സമരത്തിനിറങ്ങുക: എസ്.എസ്.എഫ്

Published

|

Last Updated

കോഴിക്കോട് | ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ ക്രൂരമായ അതിക്രമങ്ങൾ അഴിച്ച് വിട്ട പോലീസ് നടപടി അംഗീകരിക്കാനാവില്ല.
മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുക വഴി രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ തകർത്തെറിയുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമുടനീളം നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് നേരെ ഭരണകൂടം ഭീകരത അഴിച്ചുവിടുകയാണ്.

ജനാധിപത്യ മാർഗത്തിൽ സമാധാനപരമായി നടക്കുന്ന സമരങ്ങളെ തല്ലിയൊതുക്കാൻ ശ്രമിച്ചാൽ വിദ്യാർഥി സമൂഹം അടങ്ങിയിരിക്കില്ല.

ഭരണകൂടത്തിനെതിരായ പ്രതികരണങ്ങളെ മുഴുവൻ അടിച്ചൊതുക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നത് ജനാധിപത്യ ബോധമുള്ളവർക്ക് നോക്കി നിൽക്കാനാവില്ല.
കാമ്പസുകളുടെ വിപ്ലവ വീര്യത്തെ തടഞ്ഞു നിർത്താൻ അധികാരത്തിന്റെ മസിൽ പവർ മതിയാവില്ലെന്ന കാര്യം ഭരണകൂടം തിരിച്ചറിയണം.

ജനകീയ പോരാട്ടങ്ങളെ അടിച്ചമർത്തുന്നതിന് പകരം
മാനുഷിക മൂല്യങ്ങളെ കാറ്റിൽ പറത്തിയുള്ള വിവേചനപരമായ നിയമങ്ങൾ പിൻവലിക്കാനുള്ള മാന്യതയാണ് ഭരണകൂടം കാണിക്കേണ്ടത്. വിദ്യാർഥി പ്രക്ഷോഭങ്ങൾക്കു നേരെയുള്ള ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി സംസ്ഥാന വ്യാപകമായി വിദ്യാർഥികൾ സമരത്തിനിറങ്ങണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു.