Connect with us

Kerala

26ന് ആകാശത്ത് സ്വർണവളയം; കേരളത്തിൽ മൂന്ന് മിനുട്ട് 13 സെക്കൻഡ്

Published

|

Last Updated

കോഴിക്കോട് | ഈ മാസം 26ലെ വലയ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമാവുക പരമാവധി മൂന്ന് മിനുട്ട് 13 സെക്കൻഡ്. ക്രിസ്മസ് പിറ്റേന്ന് രാവിലെ ഏകദേശം 8.04ഓടു കൂടി വലയ സൂര്യഗ്രഹണത്തിന് തുടക്കമാവുമെങ്കിലും 9.24 ഓടു കൂടിയായിരിക്കും സൂര്യമധ്യത്തിലെ അത്ഭുതകരമായ കാഴ്ച ദൃശ്യമാവുക. ഈ സമയം സൂര്യൻ ചന്ദ്രനാൽ മറക്കപ്പെട്ടു തുടങ്ങുകയും ഒരു സ്വർണ വളയമായി മാറുകയും ചെയ്യും.
വലയഗ്രഹണ പാതയുടെ മധ്യഭാഗത്തോടടുത്ത പ്രദേശങ്ങളിൽ പരമാവധി മൂന്ന് മിനുട്ട് പതിമൂന്ന് സെക്കൻഡ് വരെ വലയ ഗ്രഹണം നീണ്ടു നിൽക്കും. ഈ സമയം കഴിഞ്ഞാൽ ഭാഗിക ഗ്രഹണമാണ്. മെല്ലെമെല്ലെ സൂര്യൻ മറയത്തു നിന്നും പുറത്തെത്തും. രാവിലെ 11 മണി കഴിഞ്ഞ് എട്ട് മിനുട്ട് കഴിയുമ്പോഴേക്കും സാധാരണ നില പ്രാപിക്കും. അതായത് മൂന്നു മണിക്കൂറിലേറെ വലയ സൂര്യഗ്രഹണം കൂടിയും കുറഞ്ഞും തോതിൽ
ആസ്വദിക്കാനാവുമെന്നർത്ഥം.

130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണ പാത. കേരളത്തിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലൂടേയാണ് വലയ ഗ്രഹണ പാതയുടെ മധ്യരേഖ കടന്നുപോകുന്നത്.

അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിൽ പൂർണമായും അതിനോട് അടുത്തു വരുന്ന ഏതാനും കിലോമീറ്റർ പരിധികളിലും സൂര്യവളയം വളരെ കൃത്യമായി ദർശിക്കാനാകുമെന്ന് കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം പ്രൊജക്ട് കോ-ഓർഡിനേറ്റർ മാനേഷ്ബക്ഷി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, ചാലിയം പ്രദേശങ്ങളിലൊഴികെയും മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിലും വലയ ഗ്രഹണം ചെറിയ വ്യത്യാസത്തോടെ ദർശിക്കാനാകും.

നഗ്നനേത്രങ്ങൾ കൊണ്ട് കാണരുത്
സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നത് നല്ലതല്ലെന്ന് കോഴിക്കോട് പ്ലാനറ്റോറിയം ടെക്‌നിക്കൽ അസിസ്റ്റന്റ് ജസ്റ്റിൻ ജോസഫ് പറഞ്ഞു. എന്നാൽ, യാത്ര ചെയ്യാനോ ഭക്ഷണം കഴിക്കാനോ പാടില്ലെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആറിടങ്ങളിൽ നിരീക്ഷണ പരിപാടികൾ
കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആറിടങ്ങളിൽ വലയ ഗ്രഹണം പൊതുജനങ്ങൾക്കായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കുന്നുണ്ട്.

വയനാട് കൽപ്പറ്റയിലെ എസ് കെ എം ജെ ഹൈസ്‌കൂൾ, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട്, ചീങ്ങേരിമല, കണ്ണൂർ കൊളക്കാട് സാൻതോം ഹൈസ്‌കൂൾ ഗ്രൗണ്ട്, കാസർകോട് നീലേശ്വരത്തിനടുത്ത തൈക്കടപ്പുറം ബീച്ച്, കോഴിക്കോട് പ്ലാനറ്റോറിയം.

ഗ്രഹണത്തെ സംബന്ധിക്കുന്ന എക്‌സിബിഷൻ, ബിഗ്‌സ്‌ക്രീൻ പ്രൊജക്ഷൻ, ഗ്രഹണ നിരീക്ഷണത്തിനുള്ള വിവിധ ഉപകരണങ്ങൾ, പിൻഹോൾക്യാമറകൾ, കണ്ണടകൾ തുടങ്ങിയവയെല്ലാം നിരീക്ഷണ സ്ഥലത്ത് ലഭ്യമാകും.

അടുത്തത് 2168ൽ

2010ൽ ഇത്തരത്തിൽ വലയ സൂര്യ ഗ്രഹണം കേരളത്തിൽ ദൃശ്യമായിരുന്നുവെങ്കിലും കൊല്ലം ജില്ലയിൽ നിന്ന് മാത്രമേ ദർശിക്കാനായിരുന്നുള്ളൂ. ലോകത്ത് അടുത്ത വലയ ഗ്രഹണം 2031ൽ ദൃശൃമാകുമെങ്കിലും കേരളത്തിൽ നിന്ന് കാണണമെങ്കിൽ 2168 വരെ കാത്തിരിക്കണം. പ്രസ്തുത വർഷം ജൂലൈ അഞ്ചിനായിരിക്കും ഇത്.

Latest