യുനെസ്‌കോ സാംസ്‌കാരിക പൈതൃകപ്പട്ടികയിൽ ഈന്തപ്പനക്ക് സുപ്രധാന ഇടം

Posted on: December 14, 2019 11:27 pm | Last updated: December 14, 2019 at 11:27 pm


റാസ് അൽ ഖൈമ | യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃകപ്പട്ടികയിൽ ഈന്തപ്പനക്ക് സുപ്രധാന ഇടം. കൊളംബിയയിലെ ബൊഗോട്ടയിൽ നടന്നുവരുന്ന യുനെസ്‌കോ ഇന്റർ ഗവൺമെന്റൽ കമ്മിറ്റിയുടെ 14-ാമത് വാർഷിക സമ്മേളനത്തിലാണ് ഈന്തപ്പനക്ക് സാംസ്‌കാരിക പൈതൃക പ്പട്ടികയിൽ പ്രത്യേക ഇടം ലഭിച്ചത്. നേരത്തെ, സാംസ്കാരിക ടൂറിസം വകുപ്പിനും ഇത്തരത്തിൽ അംഗീകാരം ലഭിച്ചിരുന്നു.

യു എ ഇക്കൊപ്പം ബഹ്‌റൈ ൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, കുവൈത്ത്, മൗറിത്താനിയ, മൊറോക്കോ, ഒമാൻ, പലസ്തീൻ, സഊദി അറേബ്യ, സുഡാൻ, ടുണീഷ്യ, യമൻ എന്നീ രാജ്യങ്ങളും യുനെസ്‌കോ സാംസ്‌കാരിക പൈതൃക പ്രതിനിധിപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇത് അറബ് സാംസ്‌കാരിക ഐക്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഭാവി തലമുറകൾക്കായി അവ സംരക്ഷിക്കുന്നതിനായി കൂടുതൽ സാംസ്‌കാരികവും ചരിത്രപരവുമായ ഘടകങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് കൂടുതൽ സഹകരണബന്ധത്തെ പ്രോത്സാഹിപ്പിക്കുമെന്നും യു എ ഇ സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി പറഞ്ഞു.

അറബ് മേഖലയിലെ ജനങ്ങൾക്ക് ഈന്തപ്പനയുമായി ചരിത്രപരമായ അഭേദ്യ ബന്ധമുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി തങ്ങളുടെ പാരമ്പര്യങ്ങളുടെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകം കൂടിയാണ്, അവർ പറഞ്ഞു. തങ്ങളുടെ പൂർവികർ ഈ വീക്ഷണത്തെ ആശ്രയിച്ചിരുന്നത് അവരുടെ ജീവിതവും നിലനിൽപും സുരക്ഷിതമാക്കുന്നതിനാണ്. ഇന്ന് തങ്ങളുടെ രാജ്യങ്ങളുടെ സംസ്‌കാരം, പാരമ്പര്യങ്ങൾ, വിശ്വാസങ്ങൾ ഇവ തമ്മിലുള്ള ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ആഗോള പ്രതീകമായി ഇത് മാറുന്നതിൽ മറ്റ് അറബ് രാജ്യങ്ങൾക്കൊപ്പം തങ്ങളും അഭിമാനം കൊളളുന്നു, മന്ത്രി വ്യക്തമാക്കി.
യുനെസ്‌കോയുടെ പട്ടികയിൽ ഈന്തപ്പന സ്ഥാനം ഇടം നേടിയതിലൂടെ ഇമാറാത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും യുനെസ്‌കോയുമായി സഹകരിച്ച് അന്തർ ദേശീയ തലത്തിൽ ഇവ പ്രോത്സാഹിപ്പിക്കുന്നതിനും യു എ ഇയുടെ സമർപിത ശ്രമങ്ങൾക്ക് ഗുണപരമായ മാറ്റം ഉണ്ടാക്കാനും കഴിയും.
തലമുറകളായി അറബ് സംസ്‌കാരത്തിന്റെ പൈതൃകത്തിൽ ഈന്തപ്പനകൾ സുപ്രധാനവും ആധികാരികവുമായ ഘടകമാണ്. ഇത് അവരുടെ സാംസ്‌കാരിക മൂല്യങ്ങളിൽ പലതും അടിസ്ഥാനമാക്കിയുള്ള ഔദാര്യത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നതെന്ന് അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. ഈന്തപ്പനക്ക് ചരിത്ര പ്രാധാന്യമുണ്ട്. ഇത് തങ്ങളുടെ പൂർവികർ ഒരു പ്രാഥമിക ഭക്ഷ്യ സ്രോതസായി ഉപയോഗിച്ചിരുന്നു. കരകൗശല വസ്തുക്കളിൽ ഉപയോഗിക്കുന്നതിന് പുറമെ നിരവധി കാർഷിക രീതികളിലും അവർ ഉൾപെടുത്തിയിരുന്നു.
കൂടാതെ, 14 അറബ് രാജ്യങ്ങളിലും ഈന്തപ്പന പൈതൃക സംസ്കാര ചിഹ്നമാണെന്ന യുനെസ്കോ അംഗീകാരം അറബ് സാംസ്‌കാരിക പൈതൃകത്തിന്റെ പ്രാധാന്യത്തിന് തെളിവാണ്. പ്രത്യേകിച്ചും എല്ലാ അറബ് രാജ്യങ്ങളിലും ആധികാരികതയുടെയും ഔദാര്യത്തിന്റെയും പ്രതീകമായാണ് ഈന്തപ്പഴം നിലകൊള്ളുന്നത്.