Connect with us

Editors Pick

അറിയണം, 'പൗരത്വം' എങ്ങനെ ബാധിക്കും?

Published

|

Last Updated

Image: newindianexpress

പൗരത്വ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമ്പോഴാണ്, രാജ്യമൊട്ടുക്കും ദേശീയ പൗരത്വ രജിസ്റ്റർ (എൻ ആർ സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്. രാജ്യവ്യാപക എൻ ആർ സിയുടെ രൂപരേഖ സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും അതിനെ കുറിച്ചുള്ള ആശങ്കകൾ കുറക്കാനും തെറ്റിദ്ധാരണകൾ മാറ്റാനും താഴെ പറയുന്ന കാര്യങ്ങളിലൂടെ സാധിക്കും.

എന്താണ് എൻ ആർ സി?

എല്ലാ ഇന്ത്യൻ പൗരന്മാരുടെയും പേരുകളും മറ്റ് അടിസ്ഥാന ജനസംഖ്യാ വിവരവും സ്ഥിരീകരിച്ച് ഡിജിറ്റൽ രൂപത്തിൽ രജിസ്റ്റർ ചെയ്യുന്നതാണ് എൻ ആർ സി. 1955ലെ പൗരത്വ നിയമം അനുസരിച്ച് ഇന്ത്യയിൽ ജനിച്ചതോ ഇന്ത്യക്കാരായ രക്ഷിതാക്കളുള്ളതോ 11 വർഷമെങ്കിലും (ഇത് കഴിഞ്ഞ ദിവസം ഭേദഗതി ചെയ്ത് അഞ്ച് വർഷമാക്കി) ഇന്ത്യയിൽ താമസിക്കുന്നതോ ആയ ആൾക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ട്. ഇന്ത്യയിലെ പൗരന്മാരുടെ പ്രഥമ ഡാറ്റാബേസ് ആകും എൻ ആർ സി.

അസമിൽ എൻ ആർ സി എങ്ങനെ ?

അസമിൽ 1951ൽ തയ്യാറാക്കിയ എൻ ആർ സിയെയും 1961, 1966, 1971 വർഷങ്ങളിലെ വോട്ടർ പട്ടികയെയും അടിസ്ഥാനമാക്കി എൻ ആർ സി പട്ടിക പരിഷ്‌കരിക്കുകയാണ് ചെയ്തത്. സുപ്രീം കോടതിയാണ് ഇതിന് ഉത്തരവിട്ടതും മേൽനോട്ടം വഹിച്ചതും. അപേക്ഷക്കൊപ്പം ചില രേഖകളും സമർപ്പിക്കാൻ നിർദേശമുണ്ടായിരുന്നു. അസമിൽ താമസിക്കുന്ന ഓരോരുത്തരുടെയും അപേക്ഷ ഈ രേഖകളോടൊപ്പം പരിശോധിച്ചു. ഏകദേശം 3.3 കോടി ജനങ്ങൾ അപേക്ഷിച്ചു. ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ 19 ലക്ഷം പേർ പുറത്തായി.

അസമിൽ നിന്ന് വ്യത്യസ്തമായി സുപ്രീം കോടതി ആയിരിക്കില്ല ദേശവ്യാപക എൻ ആർ സിക്ക് മേൽനോട്ടം വഹിക്കുക. മറിച്ച്, കേന്ദ്ര സർക്കാറായിരിക്കും. അസമിൽ അനുവദിച്ച രേഖകളായിരിക്കില്ല ദേശവ്യാപക എൻ ആർ സിക്ക് വേണ്ടിവരിക. ഇതിന് ആവശ്യമായ രേഖകൾ സംബന്ധിച്ച് കേന്ദ്രം ഇതുവരെ അറിയിപ്പ് നൽകിയിട്ടില്ല. അഥവാ, ഇപ്പോൾ പ്രചരിക്കുന്ന രേഖകളുടെ വിവരം അസമിന് മാത്രം ബാധകമായതാണ്.

രാജ്യവ്യാപക എൻ ആർ സി എങ്ങനെ വ്യത്യാസപ്പെടുന്നു?
രാജ്യവ്യാപക എൻ ആർ സിക്ക് ഇതുവരെ കേന്ദ്ര സർക്കാർ അടിസ്ഥാന വർഷം നിശ്ചയിച്ചിട്ടില്ല. പാർലിമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി ബിൽ പ്രകാരം 2014 ഡിസംബർ 31ന് മുമ്പ് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, ബുദ്ധ, ക്രിസ്ത്യൻ, പാഴ്‌സി, സിഖ്, ജൈന വിഭാഗങ്ങൾക്ക് പൗരത്വം ലഭിക്കും.

ആരാണ് സ്വാഭാവിക പൗരന്മാർ?

1955ലെ പൗരത്വ നിയമം അനുസരിച്ച് 26-01-1950ന് ശേഷവും 01-07-1987ന് മുമ്പും ഇന്ത്യയിൽ ജനിച്ച എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. ഇവിടെ രക്ഷിതാക്കളുടെ പൗരത്വം എന്തായാലും ഇക്കാലയളവിലെ ജന്മം കൊണ്ട് പൗരത്വം ലഭിക്കും.

01- 07-1987 മുതൽ 02-12-2004 കാലയളവിൽ ഇന്ത്യയിൽ ജനിച്ചവരുടെ രക്ഷിതാക്കളിലൊരാൾ ജനന സമയത്ത് ഇന്ത്യൻ പൗരനാണെങ്കിൽ ഇക്കാലയളവിൽ ജനിച്ചവർക്കും സ്വാഭാവിക പൗരത്വം ലഭിക്കും.
03-12-2004നും അതിന് ശേഷവും ജനിച്ചവരുടെ മാതാപിതാക്കൾ രണ്ട് പേരും ഇന്ത്യൻ പൗരന്മാരായിരിക്കുകയോ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റേയാൾ ജനന സമയത്ത് അനധികൃത കുടിയേറ്റക്കാരൻ അല്ലാതിരിക്കുകയും വേണം.

രജിസ്‌ട്രേഷനിലൂടെ
എങ്ങനെ ലഭിക്കും?

ഇന്ത്യയിൽ ഏഴ് വർഷം താമസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വംശജനായ ആൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. ഇന്ത്യൻ പൗരനെ/പൗരയെ വിവാഹം കഴിച്ചവർക്കും അപേക്ഷിക്കാം. ഇന്ത്യൻ വംശജൻ അല്ലെങ്കിലും ഏഴ് വർഷം താമസിക്കുന്നവർക്കും അല്ലെങ്കിൽ മാതാപിതാക്കൾ രണ്ട് പേരും ഇന്ത്യൻ പൗരന്മാരായ ആൾക്കും പൗരത്വത്തിന് അപേക്ഷിക്കാം. അപേക്ഷയിൽ ജില്ലാ മജിസ്‌ട്രേറ്റ് ആണ് തീരുമാനം കൈക്കൊള്ളുക.

രാജ്യവ്യാപക
എൻ ആർ സിക്ക് ശേഷം സംഭവിക്കുന്നതെന്ത്?

ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ പി ആർ) പൂർത്തിയാക്കിയാൽ നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താൻ സർക്കാറിന് സാധിക്കും. ഓരോ താമസക്കാരന്റെയും ജനനം, താമസം, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ സെൻസസ് കമ്മീഷണറുടെ കൈവശമുണ്ടാകും. ആദ്യ ഘട്ട പരിശോധനക്കായി സർക്കാറിന് ഇത് ഉപയോഗിക്കാം. തുടർന്ന്, പൗരത്വം തെളിയിക്കാനുള്ള രേഖകളുമായി ബന്ധപ്പെട്ട അധികൃതർക്ക് മുമ്പാകെ ഹാജരാകാൻ ഇത്തരം വ്യക്തികൾക്ക് നോട്ടീസ് നൽകും.

എന്തെല്ലാം രേഖകൾ?

ഇതുവരെ എൻ ആർ സിക്ക് വേണ്ട രേഖകൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല. പൗരത്വ നിയമം അനുസരിച്ച് പൗരത്വം തെളിയിക്കാൻ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ഭൂ രേഖകൾ, വോട്ടർ തിരിച്ചറിയൽ രേഖ, ജനന സർട്ടിഫിക്കറ്റ്, താമസം തെളിയിക്കുന്ന പഞ്ചായത്ത് സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് തുടങ്ങിയ രേഖകളാണ് വേണ്ടത്. അതേസമയം, എൻ ആർ സിക്ക് വേണ്ട രേഖകൾ സർക്കാറാണ് പ്രഖ്യാപിക്കുക. ചിലപ്പോൾ ഈ രേഖകൾക്ക് പുറത്തുള്ളവയും വേണ്ടിവരും.

ആധാർ കാർഡ് മതിയോ?

ആധാർ എന്നത് കേവലം തിരിച്ചറിയിൽ രേഖയാണ്, മറിച്ച് താമസ രേഖയല്ല. പൗരന്മാർക്ക് മാത്രമല്ല, ഇന്ത്യയിൽ താമസിക്കുന്നവർക്കും ആധാർ ലഭിക്കും. അതിനാൽ പൗരത്വം തെളിയിക്കാനുള്ള സാധുവായ രേഖയല്ല ആധാർ. പാൻ കാർഡും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും പൗരത്വം തെളിയിക്കാനുള്ള രേഖകളല്ല.

തലമുറകളായി ഇന്ത്യനാണെന്ന് തെളിയിക്കേണ്ടി വരുമോ?
അസമിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവിടെ എൻ ആർ സി അപേക്ഷക്കൊപ്പം തലമുറകളായി ഇന്ത്യയിൽ വസിക്കുകയായിരുന്നുവെന്നത് അപേക്ഷകന് തെളിയിക്കേണ്ടതുണ്ടായിരുന്നു. അതിന് ഭൂമി രേഖകൾ, വോട്ടർ പട്ടികയിലെ പേര്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവയായിരുന്നു വേണ്ടത്. അഥവാ, മാതാപിതാക്കളും അവരുടെ മാതാപിതാക്കളുമൊക്കെ ഇന്ത്യക്കാരാണെന്ന് അസമികൾക്ക് തെളിയിക്കേണ്ടതുണ്ടായിരുന്നു. അതേസമയം, സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വർഷത്തെ അവലംബിച്ചാണ് രാജ്യവ്യാപക എൻ ആർ സിയിൽ ഇങ്ങനെ തെളിയിക്കൽ വേണ്ടിവരിക. അസമിൽ അടിസ്ഥാന വർഷം 1971 ആയിരുന്നു.

ഭേദഗതി നിയമവും
എൻ ആർ സിയും തമ്മിലെന്ത്?

ഇന്ത്യയിൽ താമസിക്കുന്ന മൂന്ന് രാഷ്ട്രങ്ങളിൽ നിന്നുള്ള മുസ്‌ലിമിതര സമുദായങ്ങൾക്ക് എളുപ്പത്തിൽ പൗരത്വം ലഭ്യമാക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഈ നിയമം വന്നതുകൊണ്ടുമാത്രം, രാജ്യത്ത് താമസിക്കുന്ന മുസ്‌ലിംകൾ തലമുറകളായി ഇവിടെ താമസിക്കുകയാണെന്ന് തെളിയിക്കേണ്ടതില്ല. അഥവാ, മുസ്‌ലിംകളുടെ പൗരത്വം തെളിയിക്കാനുള്ള നടപടികൾ ഈ നിയമം കൊണ്ടുമാത്രമുണ്ടാകില്ല. അതേസമയം പൗരത്വം തെളിയിക്കേണ്ടിവരിക രാജ്യവ്യാപക എൻ ആർ സി പ്രഖ്യാപിച്ചാലാണ്. മുസ്‌ലിംകൾക്ക് മാത്രമല്ല രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും എൻ ആർ സി പ്രകാരം പൗരത്വം തെളിയിക്കേണ്ടി വരും.

അങ്ങനെ വരുമ്പോൾ എൻ ആർ സിയിൽ പുറത്താകുന്ന മുസ്‌ലിമേതരർക്ക് എളുപ്പത്തിൽ തിരിച്ചു കയറാൻ ഭേദഗതി നിയമം അവസരമൊരുക്കുന്നു.