Connect with us

മലപ്പുറം | പൗരത്വ നിയമഭേദഗതിയുടെ മറവില്‍ വികാരം ഇളക്കിവിട്ട് മുസ്‌ലിംകളെ കലാപത്തിലേക്ക് തള്ളിവിടാനാണ് ചിലര്‍ ശ്രമം നടത്തുന്നതെന്നും ഇത് തിരിച്ചറിയണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി.

മുസ്‌ലിംകള്‍ എന്നും സമാധാനത്തിന്റെ വഴി സീകരിക്കുന്നവരാണ്. അവര്‍ വികാരത്തിന് അടിമപ്പെടുന്നവര്‍ അല്ല. വിവേകത്തോടെ പെരുമാറുന്നവരാണ്. പൗരത്വ നിയമ ഭേദഗതതിക്ക് എതിരെ ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കുവാനാണ് സമസ്തയുടെ തീരുമാനം. ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. മതസൗഹാര്‍ദം ഇന്ത്യക്കാരുടെ മജ്ജയിലും രക്തത്തിലും അലിഞ്ഞു ചേര്‍ന്നതാണ്. അഭയം തേടിവരുന്ന അയല്‍ രാജ്യക്കാരെ സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. അത് ഏത് മതത്തില്‍പെട്ടവരായാലും ശരി. പൗരത്വത്തിന് മതം ആധാരമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഖലീല്‍ തങ്ങള്‍ വ്യക്തമാക്കി.