Connect with us

Kerala

'നാണക്കേട്‌കൊണ്ട് തല കുനിയുന്നു'; റോഡിലെ കുഴിയില്‍വീണ് യുവാവ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി

Published

|

Last Updated

കൊച്ചി |യുവാവ് റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. റോഡുകളിലെ കുഴികള്‍ അടക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

ചെറു പ്രായത്തിലാണ് ഒരു ജീവന്‍ നഷ്ടമായത്. നാണക്കേടു കൊണ്ട് തലകുനിച്ചു പോവുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. സമൂഹത്തിന് വേണ്ടി മരിച്ച യുവാവിന്റെ രക്ഷിതാക്കളോട് മാപ്പ് ചോദിക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍പറഞ്ഞു.

റോഡ് നന്നാക്കാന്‍ കോടതി പലതവണ ഉത്തരവിട്ടിട്ടും ഒന്നും നടക്കുന്നില്ല. കാറില്‍ കറങ്ങി നടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാവില്ല. ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള വിശ്വാസം കോടതിക്ക് നഷ്ടമായെന്നും പറഞ്ഞ കോടതി , യുവാവിന്റെ ബന്ധുക്കളോട് ഉദ്യോഗസ്ഥര്‍ മാപ്പ് ചോദിക്കണമെന്നും ആവശ്യപ്പെട്ടു.

2008ലെ റോഡപകടവുമായി ബന്ധപ്പെട്ട ഹര്‍ജി കോടതിയുടെ മുന്നിലുണ്ടായിരുന്നു. കഴിഞ്ഞദിവസം റോഡിലെ കുഴിയില്‍ യുവാവ് വീണ് മരിച്ച സംഭവത്തില്‍ പാലാരിവട്ടം സ്വദേശിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് ഹര്‍ജികളും പരിഗണിക്കുമ്പോഴാണ് കോടതിയില്‍നിന്നും രൂക്ഷ വിമര്‍ശമുണ്ടായത്‌