National
പൗരത്വ ബില്‍: അസമില്‍ പ്രക്ഷോഭം കത്തുന്നു; ഗുവാഹത്തിയിലും ദിബ്രുഗറിലും നിരോധനാജ്ഞ

ഗുവാഹത്തി | പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ അസമിലെ ഗുവാഹത്തിയിലും ദിബ്രുഗറിലും അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. മൂന്നിടങ്ങളിലായി രണ്ട് കമ്പനി സൈന്യത്തെ വിന്യസിച്ചു. ഇവര്‍ നഗരത്തില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. തെരുവിലിറങ്ങിയ ആയിരങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ വാഹനങ്ങളും മറ്റും കത്തിച്ചു. പ്രചബുവ, പാനിറ്റോള റെയില്‍വേ സ്റ്റേഷനുകളില്‍ കേടുപാടുകള്‍ വരുത്തുകയും തീവെക്കുകയും ചെയ്തു.
യുദ്ധസമാനമായ അന്തരീക്ഷമാണ് മേഖലയില്‍ നിലനില്‍ക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സര്‍ബനന്ദ സോനോവള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഗുവാഹത്തി വിമാനത്താവളത്തില്‍ കുടുങ്ങി. സുരക്ഷാ പ്രവര്‍ത്തകര്‍ ഏറെ പ്രയാസപ്പെട്ടാണ് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചത്. അതിനിടെ, മുഖ്യമന്ത്രിയുടെ വീടിനു നേരെ കല്ലേറുണ്ടായതായും ഒരു കേന്ദ്ര മന്ത്രിയുടെയും രണ്ട് ബി ജെ പി നേതാക്കളുടെയും വീടുകള്‍ക്ക് തീവച്ചതായും റിപ്പോര്‍ട്ടുണ്ട്.
അസമിനു പുറമെ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം ശക്തമാണ്. 5000 അര്‍ധ സൈനികരെ കേന്ദ്ര സര്‍ക്കാര്‍ മേഖലയിലേക്ക് അയച്ചു. സി ആര്‍ പി എഫ്, ബി എസ് എഫ്, സശസ്ത്ര സീമാ ബല്‍ എന്നീ സൈനിക വിഭാഗങ്ങളെയാണ് അയച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുടര്‍ന്ന് കശ്മീരില്‍ വിന്യസിച്ചിരുന്ന 2000ത്തോളം അര്‍ധ സൈനികരും സംഘത്തില്‍ ഉള്‍പ്പെടും. കശ്മീരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ നിന്ന് സൈനികരെ പിന്‍വലിച്ചത്.