പൗരത്വ ഭേദഗതി ബില്ല്: ചില പാര്‍ട്ടികള്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയില്‍- മോദി

Posted on: December 11, 2019 11:59 am | Last updated: December 11, 2019 at 2:16 pm

ന്യൂഡല്‍ഹി  | പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ ഇതിനെതിരെ പതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ബില്ലില്‍ ചില പാര്‍ട്ടികള്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ അതേ ഭാഷയിലാണ് മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് മോദി ഇത്തരമൊരു പ്രസ്താവന നടത്തിയത്.

മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കായുള്ള പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും. ചില പാര്‍ട്ടികള്‍ പാകിസ്താന്‍ സംസാരിക്കുന്ന അതേ ഭാഷയിലാണ് പ്രതികരിക്കുന്നത് -മോദി പറഞ്ഞു. ബില്‍ രാജ്യസഭയിലും പാസാക്കിയാല്‍ അമിത് ഷാക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍ പ്രസ്താവിച്ചതിന് പിറകെയാണ് മോദിയുടെ പതികരണം.

പൗരത്വഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ അവതിരിപ്പിക്കുക.ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി ജെ പി. ലോക്‌സഭയില്‍ അനുകൂലിച്ച് വോട്ട് ചെയത ശിവസേന രാജ്യസഭയില്‍ ബില്ലിന് പിന്തുണക്കില്ലെന്നാണ് സൂചന. വോട്ടെടുപ്പ് വേളയില്‍ സഭയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ശിവസേനയുടെ തീരുമാനം.