സച്ചിന്‍ ബേബിക്കും സെഞ്ച്വറി; കേരളം ഒമ്പതിന് 525

Posted on: December 11, 2019 12:11 am | Last updated: December 11, 2019 at 1:12 pm

തിരുവനന്തപുരം | റോബിന്‍ ഉത്തപ്പക്ക് പിന്നാലെ നായകന്‍ സച്ചിന്‍ ബേബിയും സെഞ്ച്വറി നേടിയതോടെ രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ഇരുവരുടെയും സെഞ്ച്വറിക്കരുത്തില്‍ ഒമ്പത് വിക്കറ്റിന് 525 റണ്‍സെന്ന നിലയില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഇന്നലെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 23 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ 502 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍. സന്ദീപ് വാര്യരും ജലജ് സക്‌സേനയുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

മൂന്നിന് 276 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളം ഡല്‍ഹി ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. 274 പന്തുകള്‍ നേരിട്ട സച്ചിന്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 155 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ 77 റണ്‍സെടുത്ത് സച്ചിന് ഉറച്ച പിന്തുണ നല്‍കി. സിജോമോന്‍ ജോസഫ് (14), കെ എം ആസിഫ് (ഏഴ്) പുറത്താകാതെ നിന്നു. നേരത്തേ, സെഞ്ച്വറി നേടിയ റോബിന്‍ ഉത്തപ്പയുടെയും (102), അര്‍ധ സെഞ്ച്വറി നേടിയ പി രാഹുലിന്റെയും (97) പ്രകടനമാണ് കേരള ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. ഡല്‍ഹിക്കായി തേജസ് ബറോക മൂന്നും ലളിത് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.