Connect with us

Articles

മതാധിപത്യ ബില്‍ നിയമസാധുത തേടുമ്പോള്‍

Published

|

Last Updated

1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമം നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാമൂഴത്തില്‍ തന്നെ ആരംഭിച്ചതാണ്. ലോക്‌സഭ പാസ്സാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനക്ക് എത്തുമ്പോഴേക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമുയര്‍ന്നു. നിയമ ഭേദഗതി പ്രാബല്യത്തിലായാല്‍ ബംഗ്ലാദേശില്‍ നിന്നെത്തിയ ആയിരക്കണക്കായ ആളുകള്‍ പൗരത്വം നേടുമെന്നും തങ്ങളുടെ ജീവിതാവസ്ഥയെ തന്നെ മാറ്റിമറിക്കുമെന്നും ആശങ്കപ്പെട്ടാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ജനവിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇതോടെ ബില്‍ ഉടന്‍ പാസ്സാക്കുക എന്ന നിര്‍ബന്ധ ബുദ്ധിയില്‍ നിന്ന് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്നാക്കം പോയി. ബില്ലവതരണം രാജ്യസഭയില്‍ നടന്നില്ല. ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവായി. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും ബില്‍ ലോക്‌സഭയില്‍ എത്തിയിരിക്കുന്നത്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറുന്ന മുസ്‌ലിംകളല്ലാത്ത മത വിഭാഗക്കാര്‍ക്ക് പൗരത്വം അനുവദിക്കുക എന്നതാണ് ഭേദഗതിയുടെ ഉദ്ദേശ്യം. ബില്ലിന്റെ രൂപകല്‍പ്പനാ വേളയില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളുമല്ലാത്ത മത വിഭാഗക്കാര്‍ക്ക് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മുസ്‌ലിംകളെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവ മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള, ഇസ്‌ലാമിക ഭരണം നടക്കുന്ന രാജ്യങ്ങളാകയാല്‍ അവിടെ നിന്നുള്ള മുസ്‌ലിംകള്‍ക്ക് രാജ്യം വിട്ടുവരേണ്ട സാഹചര്യമില്ല. അതുകൊണ്ടാണ് അവരെ ഒഴിവാക്കുന്നതെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പറയുന്ന ന്യായം. അതിനുമപ്പുറത്ത്, ഈ രാജ്യങ്ങളില്‍ നേരിടുന്ന കടുത്ത അവഗണനയും കൊടിയ പീഡനങ്ങളും മൂലം പലായനം ചെയ്യുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ (ഹിന്ദു, പാഴ്‌സി, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗങ്ങള്‍) സംരക്ഷിക്കാനാണ് ഭേദഗതിയെന്നും വിശദീകരിക്കുന്നു.

ഈ വിശദീകരണത്തിലൂടെ, സംഘ്പരിവാര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന രണ്ട് വാദങ്ങള്‍ക്ക് സാധുത നല്‍കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം മുസ്‌ലിംകളായ രാജ്യങ്ങളൊക്കെ ഇസ്‌ലാമിക രാഷ്ട്രങ്ങളാണെങ്കില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായ രാജ്യം ഹിന്ദു രാഷ്ട്രമാകേണ്ടേ എന്നതാണ് ഒന്ന്. ഇസ്‌ലാമിക രാഷ്ട്രങ്ങളിലൊക്കെ ന്യൂനപക്ഷങ്ങള്‍ വലിയ പീഡനങ്ങള്‍ നേരിടുകയാണെന്ന് ഏതാണ്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും. ഇത് രണ്ടും രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന് മുസ്‌ലിംകളോടുള്ള വെറുപ്പ് വര്‍ധിപ്പിക്കാനുള്ള ആയുധമാണ്. ഈ വെറുപ്പിന്റെ ഉത്പാദനത്തിനും വ്യാപനത്തിനും വേണ്ടിയാണ് സംഘ്പരിവാരം അതിന്റെ ജന്മസമയം മുതല്‍ പ്രവര്‍ത്തിച്ചുവരുന്നത്. വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയും മതം മാറ്റത്തെക്കുറിച്ചും അതിനു വേണ്ടിയുള്ള പല വിധ ജിഹാദുകളെക്കുറിച്ചും വ്യാജ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചുമൊക്കെ. രാമക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്ന വ്യാജം പ്രചരിപ്പിച്ച്, ആ ഭൂമിക്ക് മേല്‍ അവകാശം ഉന്നയിച്ച്, മസ്ജിദ് തകര്‍ത്ത് ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഒരു സമുദായത്തെയൊന്നാകെ ഭീകരവാദികളെന്ന് മുദ്രകുത്തിയതും വെറുപ്പ് വളര്‍ത്താനും അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ടു തന്നെ. അതിലൊരു പരിധിവരെ സംഘ്പരിവാരവും രാഷ്ട്രീയ രൂപമായ ബി ജെ പിയും വിജയിക്കുകയും ചെയ്തു.
ആ വിജയത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയെന്നത് ഹിന്ദു രാഷ്ട്ര സ്ഥാപനമാണെന്നാണ് സംഘ്പരിവാരം കരുതുന്നത്. അതിലേക്കുള്ള ചുവടുവെപ്പായി വേണം പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ രജിസ്റ്റര്‍ രാജ്യത്താകെ നടപ്പാക്കാനുള്ള ശ്രമത്തെയും കാണാന്‍. മതനിരപേക്ഷ ജനാധിപത്യമെന്നത് ഭരണഘടനാ താളുകളിലെ ജഡാക്ഷരങ്ങളായി മാറുകയാണെന്ന് തന്നെ സംശയിക്കണം.

സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു യഥേഷ്ടമുള്ള, പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന, മത സ്വാതന്ത്ര്യത്തിന് ഭരണഘടനയുടെ സംരക്ഷണമുള്ള മോഹിപ്പിക്കുന്ന ദേശമായി ഇന്ത്യന്‍ യൂനിയനെ കണ്ട്, മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഇനി വളരെയധികമാളുകള്‍ ഇവിടേക്ക് പുറപ്പെടുമെന്ന് കരുതുന്നത് മൗഢ്യമാണ്. നിലവില്‍ രാജ്യത്തുള്ളവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി. അസമില്‍ പൗരത്വ രജിസ്റ്റര്‍ അന്തിമമായി പ്രസിദ്ധീകരിക്കുമ്പോള്‍ പുറത്താക്കപ്പെടാന്‍ പോകുന്നവരില്‍ വലിയൊരളവ് ഹിന്ദുക്കളാണ്. പൗരത്വ രജിസ്റ്റര്‍ രാജ്യത്താകെ വ്യാപിപ്പിക്കുമ്പോള്‍ സമാനമായ അവസ്ഥ ഇനിയുമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍ മുസ്‌ലിംകളെ മാത്രമായി പുറംതള്ളണമെങ്കില്‍ പൗരത്വ നിയമത്തിലെ ഭേദഗതി അനിവാര്യമാണ്. അത് നടപ്പാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. രാജ്യത്തെ പ്രബലമായ ന്യൂനപക്ഷ വിഭാഗത്തോടുള്ള വെറുപ്പ് അധികരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴം കൂട്ടാന്‍ കൂടി കഴിഞ്ഞാല്‍ നിയമ ഭേദഗതിയുടെ ഉപോത്പന്നവും ഗുണകരമായി എന്ന് സംഘ്പരിവാരം വിലയിരുത്തും.

ബാബരി മസ്ജിദ് തകര്‍ത്തെറിഞ്ഞതിലൂടെ, ഗുജറാത്തിലെ വംശഹത്യാ ശ്രമത്തിലൂടെ, വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലൂടെ, ഗോ സംരക്ഷണത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതിലൂടെ രാജ്യത്തെ ഭയത്തിന്റെ ആവരണത്തിലാക്കാനും അരക്ഷിതരാണെന്ന ബോധം ന്യൂനപക്ഷങ്ങളില്‍ വളര്‍ത്താനും സംഘ്പരിവാരത്തിന് സാധിച്ചിരുന്നു. ഇപ്പറഞ്ഞതിനൊക്കെ ഭരണകൂടങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെങ്കിലും നിയമ – നീതിന്യായ വ്യവസ്ഥകള്‍ക്ക് പുറത്ത് സംഘടിപ്പിക്കപ്പെട്ടതാണ്. ആ വഴികള്‍ തുടരുമ്പോള്‍ തന്നെ, നിയമപരമായി കൂടി ഭയത്തിന്റെ ആവരണത്തിന്റെ കനം കൂട്ടാനും അരക്ഷിത ബോധം കൂടുതല്‍ ശക്തമാക്കാനും ശ്രമിക്കുകയാണ് ഭരണകൂടം. ഹിന്ദുത്വ ഫാസിസത്തിന് കീഴ്‌വഴങ്ങി ജീവിക്കാന്‍ സന്നദ്ധരാകുക എന്നതിലേക്ക് ന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ ജനാധിപത്യത്തില്‍ തുടര്‍ന്നും വിശ്വസിക്കുന്നവരെയും എത്തിക്കുക എന്നതാണ് ലക്ഷ്യം. അത് പ്രാപ്യമാക്കാന്‍ പാകത്തില്‍ പ്രവര്‍ത്തിക്കാന്‍ ഏതാണ്ടെല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. ബാബരി ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്കാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നും സുപ്രീം കോടതി വിധിച്ചപ്പോള്‍ സംഘ്പരിവാരത്തിന്റെയോ അത് നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെയോ ഇംഗിതങ്ങള്‍ക്ക് നീതിപീഠം നല്‍കുന്ന മുന്‍ഗണനയാണ് നമ്മള്‍ കണ്ടത്.

പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ ഒന്നാമൂഴത്തില്‍ സാധിച്ചില്ലെങ്കിലും ചട്ടങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ട് ചില കാര്യങ്ങള്‍ അന്ന് തന്നെ നടപ്പാക്കിയിരുന്നു. അനധികൃതമായി രാജ്യത്തെത്തുന്നവരെ അറസ്റ്റ് ചെയ്ത് മടക്കിയയക്കണമെന്ന ചട്ടം ഭേദഗതി ചെയ്യുകയാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്‌ലിംകളൊഴികെയുള്ള വിഭാഗക്കാരെ അറസ്റ്റ് ചെയ്യുകയോ മടക്കി അയക്കുകയോ വേണ്ടെന്ന് വ്യവസ്ഥ ചെയ്തു. അത്തരക്കാര്‍ക്ക് പൗരത്വം നല്‍കുക എന്ന “ഭരണപര”മായ ചടങ്ങിനാണ് പാര്‍ലിമെന്റിന്റെ ഇരുസഭകളും സാക്ഷ്യം വഹിക്കുക. അതുവഴി ചില സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലെ വോട്ടിംഗ് പാറ്റേണിലുണ്ടാകുന്ന മാറ്റം പോലും ബി ജെ പിക്ക് അനുകൂലമാകാനുള്ള സാധ്യതയുമുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധം കണക്കിലെടുത്ത് ഏതാനും മേഖലകളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. അനധികൃത കുടിയേറ്റക്കാര്‍, ഈ പ്രദേശങ്ങളുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിയാല്‍ അവര്‍ക്ക് പൗരത്വം ലഭിക്കാന്‍ പ്രയാസമുണ്ടാകില്ലല്ലോ!
ജനാധിപത്യമെന്നത് മതാധിപത്യമായി ഏതാണ്ട് മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് നിയമസാധുത നല്‍കുന്നതിനുള്ള നടപടികളാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പ്രതിഷേധമുയര്‍ത്തുന്നവര്‍ പോലും രാഷ്ട്രീയമായ തിരിച്ചടിയെക്കുറിച്ച് ഭയന്ന് അറച്ചു നില്‍ക്കേണ്ടി വരുന്നുവെന്നതാണ് ഇതിലെ മറ്റൊരു അപകടം. ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ല, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി തങ്ങള്‍ നടത്തുന്ന ശ്രമങ്ങളെന്ന് ബോധ്യപ്പെടുത്തേണ്ട അവസ്ഥ. രാഷ്ട്രീയത്തെ മതം ആദേശം ചെയ്യുമ്പോഴുണ്ടാകുന്ന അപകടമാണിത്. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ തീവ്ര ദേശീയതയില്‍ അലിഞ്ഞില്ലാതാകുന്നതിന്റെയും. ആ അപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ എതിരാളികളായിരിക്കുമെന്ന പൂര്‍ണ ബോധ്യത്തിലാണ് സംഘ്പരിവാരത്തിന്റെ മുന്നോട്ടുപോക്ക്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest