പൗരത്വ ബിൽ;  മുസ്‌ലിം സംഘടനകളുടെ യോഗം മാറ്റി; പിന്നിൽ രാഷ്ട്രീയ ഇടപെടൽ

യോഗത്തെ കുറിച്ച് അറിയില്ലെന്ന് കെ പി എ മജീദ്
Posted on: December 9, 2019 4:53 pm | Last updated: December 10, 2019 at 3:44 pm


കോഴിക്കോട് |
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സമസ്ത ഇ കെ വിഭാഗം മുൻകൈയെടുത്ത് ഇന്നലെ കോഴിക്കോട്ട് വിളിച്ചു ചേർത്ത മുസ്‌ലിം സംഘടനകളുടെ യോഗം മാറ്റി. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വൈകുന്നേരം മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന യോഗം മാറ്റിയതായി ഉച്ചക്ക് രണ്ട് മണിയോടെയാണ് വിവിധ മുസ്‌ലിം സംഘടനകളെ വിവരം അറിയിച്ചത്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത ഇ കെ വിഭാഗം വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങളുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. എന്നാൽ, പിൻമാറ്റത്തിന് പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകൾ നടന്നതായി അറിയുന്നു.

സാധാരണ ഗതിയിൽ ഇത്തരത്തിൽ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേർക്കാറ് മുസ്‌ലിം ലീഗാണെങ്കിലും ഇത്തവണ ഇ കെ വിഭാഗം സമസ്ത മുൻകൈയെടുത്താണ് യോഗം നിശ്ചയിച്ചിരുന്നത്. ചേളാരി സമസ്താലയത്തിൽ ഞായറാഴ്ച ചേർന്ന സമസ്ത ഏകോപന സമിതിയുടെ അടിയന്തര യോഗത്തിൽ എല്ലാ വിഭാഗം സുന്നി സംഘടനകളേയും മറ്റ് മുസ്‌ലിം സംഘടനകളേയും യോഗത്തിലേക്ക് ക്ഷണിക്കാനും പൗരത്വ ബിൽ വിഷയത്തിൽ ഒറ്റക്കെട്ടായി നീങ്ങാനുമായിരുന്നു തീരുമാനം. ഇക്കാര്യം പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നേതാക്കൾ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. യോഗം വിളിച്ചു ചേർക്കുന്നതിനായി തന്നേയും ഹൈദരലി തങ്ങളേയും ഏകോപന സമിതി യോഗം ചുമതലപ്പെടുത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അതേസമയം, പൗരത്വ ബിൽ വിഷയം ലീഗ് കൈകാര്യം ചെയ്യുന്നതിന് പകരം മത സംഘടനയായ സമസ്ത ഇ കെ വിഭാഗം നേരിട്ട് ഇടപെടുന്നതിലെ അതൃപ്തി ലീഗ് നേതൃത്വം ഹൈദരലി തങ്ങൾ മുഖേന സമസ്ത നേതൃത്വത്തെ അറിയിച്ചതോടെയാണ് മുസ്‌ലിം സംഘടനകളുടെ യോഗം മാറ്റിവെക്കാനുള്ള സാഹചര്യമുണ്ടായതെന്നാണറിയുന്നത്.

കൂടാതെ, മുജാഹിദ് സംഘടനകളേയും ലീഗ് നേതൃത്വം ഈ വിഷയം ധരിപ്പിച്ചിരുന്നുവത്രെ. മുസ്‌ലിം ലീഗ് അടക്കം രാഷ്ട്രീയ സംഘടനകൾക്കൊന്നും ഇന്നലത്തെ യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. അതേ സമയം, യോഗം മാറ്റിവെക്കാനുള്ള കാരണത്തെക്കുറിച്ച് അറിയില്ലെന്ന് ഇ കെ വിഭാഗം സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ അസൗകര്യം കാരണമാണ് യോഗം മാറ്റിയതെന്നാണ് പറയുന്നതെന്നും മറ്റൊരു തീയതി നിശ്ചയിച്ചിട്ടില്ലെന്നും എസ് വൈ എസ് (ഇ കെ വിഭാഗം) സെക്രട്ടറി മുസ്തഫ മുണ്ടുപാറ പറഞ്ഞു. അതേസമയം, ലീഗിന്റെ ഇടപെടൽ മൂലമാണ് മുസ്‌ലിം സംഘടനകളുടെ യോഗം മാറ്റിവെക്കേണ്ടി വന്നതെന്ന വിവരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് വ്യക്തമായ മറുപടി നൽകിയില്ല. തനിക്ക് അതേക്കുറിച്ച് വിശദമായി അറിയില്ലെന്ന് അദ്ദേഹം സിറാജിനോട് പറഞ്ഞു.