Connect with us

Ongoing News

ഐസാ നഖരാ നഖരാ കാഹേ കോമേം ഫിർഥാ ഥാ...

Published

|

Last Updated

ഉറുദു സാഹിത്യത്തിലെ അനശ്വര കവിയായി ഇന്നും ലോകത്ത് അറിയപ്പെടുന്ന ഗസൽ ചക്രവർത്തിയാണ് മീർ തഖീ മീർ. ഉറുദു ഭാഷയോ സാഹിത്യമോ അറിയാത്തവർ പോലും മീർ തഖീ മീറിന്റെയും മറ്റു ഗസൽ കവികളുടെയും വരികൾ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു.
ഉറുദു സാഹിത്യത്തിന്റെ പരിണാമത്തിലുടനീളം ചിരസ്മരണീയനായ മീർ അസാധാരണ കവിയായിരുന്നു. ജീവിതം തന്നെ കവ്യാത്മകമാക്കിയാണ് മീർ തന്റെ മൗലിക സംഭാവനകൾ സമർപ്പിച്ചത്. സ്വന്തം ജീവിതത്തെ ഹൃദയഹാരിയായ തത്വശാസ്ത്ര വീക്ഷണത്തോടെയാണ് മീർ മനോഹരമായ വർണക്കൂട്ടിൽ കവിതയിലേക്ക് ചേർത്തുവെച്ചത്. സ്വന്തമായൊരു സർഗാത്മക ലോകം പണിത മീർ ഒരിക്കലും സാഹിത്യത്തിന്റെ അടിമയോ യജമാനനോ ആയിരുന്നില്ല. അനുരാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പുത്തൻ രസക്കൂട്ടുകളായിരുന്നു മീറിന്റെ രചനകൾ. മൗലികതയും ജനകീയതയും മീറിന്റെ കവിതകളെ വേറിട്ടതാക്കി. സാധാരണ ജനങ്ങളുടെ സംസാര ഭാഷയാണ് പലപ്പോഴും കവി തന്റെ രചനകളിൽ ഉപയോഗിച്ചത്. ഇത് സാധാരണക്കാരുടെ ആസ്വാദന തലങ്ങളിലേക്ക് മീറിന്റെ കവിതകളെയും ഉയർത്തി. അവാച്യമായ അനുഭൂതിയുടേയും ആനന്ദത്തിന്റെയും വൈകാരികതയുടെയും തലത്തിലേക്ക് ഗസൽ ശാഖ വളർന്നിരിക്കുന്നു.

“ഐസാ നഖരാ നഖരാ കാഹേ കോമേം ഫിർഥാ ഥാ, ജബ് സേ ആൻഖ് ലഗീ ഇസ് മുഹ് സേ രംഗ് മേരാ ഇംതിഹാബീ ഹേ””
(പ്രണയനിലാവു കണ്ടെൻ മുഖം ശോഭിച്ചു, ചന്ദ്രനെപ്പോൽ അത്രമേൽ മൃദുവായ്, തലയുയർത്തി, പിന്നെ ഞാൻ നടന്നതെപ്പോൾ…?)

1722ൽ ആഗ്രയിലെ ഒരു സൂഫി കുടുംബത്തിൽ ജനിച്ച മീർ 1810ൽ ഇഹലോകവാസം വെടിയുമ്പോൾ സ്വന്തമാക്കിയ പേരും പ്രശസ്തിയും തന്നെയാണ് ഇന്നും മീർ കവിതകൾക്കുള്ളത്. മീറിന്റെ കാലശേഷം മഹാ കവി മിർസാ ഗാലിബ് പറഞ്ഞത് ഇങ്ങനെയായിരുന്നു;
“ഗാലിബ് നീ മാത്രമല്ല ഉറുദുഭാഷയുടെ ഏകാന്ത പണ്ഡിതൻ, അവർ പറയുന്നു പഴയകാലത്തൊരു മീറുമുണ്ടായിരുന്നെന്ന്”
തൊണ്ണൂറ് വയസ്സുവരെ നീണ്ട കവിയുടെ ജീവിതം, സാക്ഷിയായ വിപ്ലവങ്ങളും വേദനകളും പൊള്ളുന്ന ജീവിതാനുഭവങ്ങളും കവിതയിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു. പ്രണയത്തിന്റെ മധുരവും കൈപ്പും സാർവത്രികമായ ദുഃഖങ്ങളും മീർ തഖീ മീറിന്റെ കവിതകളെ ഹൃദ്യവും ഉജ്ജ്വലമാക്കി.

kpnoushadctm@gmail.com

Latest