Connect with us

National

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

Published

|

Last Updated

റാഞ്ചി| ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു ജില്ലകളില്‍നിന്നായി 20 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ജംഷഡ്പൂര്‍ ഈസ്റ്റ്, ജംഷഡ്പൂര്‍ വെസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ച് വരെയും മറ്റ് 18 മണ്ഡലങ്ങളില്‍ മൂന്ന് മണിക്കും വോട്ടെടുപ്പ് അവസാനിക്കും.സുരക്ഷാ മുന്‍നിര്‍ത്തി കേന്ദ്ര സേനയുള്‍പ്പെടെ 42,000 സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. 47,24,968 വോട്ടര്‍മാരാണ് ഇന്ന് 260 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുക.

260 സ്ഥാനാര്‍ഥികളില്‍ 29 പേര്‍ വനിതകളാണ്. മുഖ്യമന്ത്രി രഘുബര്‍ദാസ് മത്സരിക്കുന്ന ജംഷേദ്പൂര്‍ ഈസ്റ്റാണ് തിരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രം. മുന്‍ മന്ത്രി സരയു റോയി, സ്പീക്കര്‍ ദിനേഷ് ഒറാവ്, മന്ത്രി നീര്‍കണ്ഡ് സിങ് മുണ്ട, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്ന മറ്റ് പ്രമുഖര്‍.

തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ ബി ജെ പിയും 14 സീറ്റില്‍ ജെ എം എമ്മും ആറിടത്ത് സഖ്യകക്ഷിയായ കോണ്‍ഗ്രസും മല്‍സരിക്കുന്നുണ്ട്. രണ്ടിടത്ത് സി പി ഐയും ഒരിടത്ത് സി പി എമ്മും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഡിസംബര്‍ 23നാണ് ഫല പ്രഖ്യാപനം.

Latest