സി എച്ച് സിന്‍ഡ്രോം അഥവാ എട്ടുകാലി മമ്മൂഞ്ഞുകള്‍

https://www.facebook.com/abdurahman.pkm.1
Posted on: December 5, 2019 11:57 pm | Last updated: December 6, 2019 at 1:39 pm

എന്റെയൊരു സ്‌നേഹിതന്‍ ഉണ്ടായിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയത്തോട് വിയോജിപ്പുള്ള ആളായിരുന്നു അവനും അവന്റെ ബാപ്പയും. ബാപ്പ അറബി അധ്യാപകന്‍ ആയിരുന്നു. കിട്ടുന്ന അവസരത്തിലെല്ലാം അവന്റെ വീട്ടിന്റെ മുന്നില്‍, മൈക്ക് കെട്ടി ‘ഇവിടെ പല വീടുകളിലും അടുപ്പില്‍ തീ പുകയുന്നത് സി എച്ച് മുഹമ്മദ് കോയ ഉണ്ടായതുകൊണ്ടാണെന്നു ഓര്‍ക്കുന്നത് നന്ന്’ എന്ന് ലീഗുകാര്‍ സ്ഥിരമായി വീമ്പിളക്കുമായിരുന്നു. വിദേശത്ത് പഠിച്ച കൂട്ടുകാരനും പിന്നീട് വിദേശത്തു തന്നെ ജോലി കിട്ടി. അപ്പോള്‍ ലീഗുകാരുടെ മൈക്ക് കെട്ടി പ്രസംഗം ഒന്നൂടെ നീണ്ടു. ഇവിടെ പാടത്തും പറമ്പത്തും പുകഞ്ഞുതീരുമായിരുന്ന ജീവിതങ്ങളെ അങ്ങ് വിദേശത്തെ എ സി റൂമില്‍ എത്തിച്ചത് സി എച്ച് മുഹമ്മദ് കോയ ആണെന്ന കാര്യം ഓര്‍ക്കുന്നത് നന്ന് എന്നായി പ്രസംഗം.

ഇതാണ് മുസ്ലിം വിദ്യാഭ്യാസ പുരോഗതിയെ കുറിച്ചുള്ള ഒരു ശരാശരി ലീഗ് വിശകലനം. അതാണ് കരുവാരക്കുണ്ട് സ്‌കൂളിലെ സഫയുടെ കാര്യത്തിലും ലീഗുകാരുടെ നിലപാട്. സഫ പ്രസംഗിച്ചു തീര്‍ന്നില്ല, അപ്പോഴേക്കും മുത്തു സി എച്ചിന്റെ സ്വപ്നം എന്നൊക്കെ ലീഗുകാര്‍ നീട്ടി വീശി.
കേരളത്തിലെ മുസ്ലിംകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ കൈവരിച്ച വളര്‍ച്ചയില്‍ ലീഗിന് അവകാശപ്പെടാവുന്ന എന്തെങ്കിലും പങ്കുണ്ടെന്നു അവകാശപ്പെടുന്നത് വിഢിത്തമാണ്. അതിന്റെ നേര്‍സാക്ഷ്യമാണ് സി എച്ചിന്റെ യൂണിവേഴ്സിറ്റി എന്ന് ലീഗുകാര്‍ അവകാശപ്പെടുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി. ഈ സമുദായത്തിലെ വൈജ്ഞാനിക മികവിന് ഈ യൂണിവേഴ്സിറ്റി എന്തെങ്കിലും സംഭാവന നല്‍കിയിട്ടുണ്ടോ എന്നു പരിശോധിച്ചാല്‍ ശൂന്യമാണ് ഉത്തരം.

അരീക്കോട്, എടവണ്ണപ്പാറ, ഒതായി ബെല്‍റ്റില്‍ കുറെ അഫ്സലുല്‍ ഉലമക്കാര്‍ക്ക് ജോലി വാങ്ങിച്ചു കൊടുത്തു എന്നതാണ് വൈജ്ഞാനിക സംഭാവന എന്ന് ഒരാള്‍ കരുതിയാല്‍ പിന്നെ രക്ഷയില്ല. ചോദ്യപേപ്പറില്‍ തന്നെ ഉത്തരം അടയാളപ്പെടുത്തിയത് കണ്ടുപിടിച്ചതിന്റെ പേരില്‍ ഇക്കഴിഞ്ഞ ദിവസമാണ് അഫ്സലുല്‍ ഉലമ പരീക്ഷ റദ്ദാക്കിയത്. അതാണ് ആ കോഴ്സിന്റെ നിലവാരം. അഫ്സലുല്‍ ഉലമ പരീക്ഷാപേപ്പര്‍ ആക്രിക്കടയില്‍ പിടിച്ചത് ഈയടുത്താണ്. സലഫീ സംഘടനകളുടെ പണ്ഡിത സംഘടനയില്‍ മെമ്പര്‍ഷിപ്പിനുള്ള യോഗ്യതയായി അഫ്സലുല്‍ ഉലമ വെച്ചതില്‍ അത്ഭുതപ്പെടാനില്ല. കേരളത്തിലെ അറബി ഭാഷാ പഠനത്തെ ഇക്കോലത്തിലാക്കിയതില്‍ ഈ തട്ടിക്കൂട്ട് കോഴ്സിനുള്ള പങ്ക് ചെറുതല്ല.

എടവണ്ണയിലെയും പുളിക്കലിലെയും സലഫീ കോളേജുകളിലെ സമ്മേളന സോവനീറുകളിലെ കവിതകളിലെ കാവ്യഭംഗിയില്‍ നിന്നും കേരളത്തിലെ അറബി ഭാഷാ ഗവേഷണത്തെ രക്ഷിച്ചത്, മലബാറില്‍ നിന്നും രക്ഷപ്പെട്ട് ഹൈദരാബാദ് ഇഫ്ളുവിലും മാനുവിലും ഡല്‍ഹി ജെ എന്‍ യു വിലും കൈറോവിലും ഷാര്‍ജയിലും പോയ മര്‍കസിലെയും ദാറുല്‍ ഹുദയിലെയും മഅ്ദിനിലയും വാഫിയിലെയും വിദ്യാര്‍ഥികളാണ്.

മറ്റു വൈജ്ഞാനിക മേഖലയില്‍ ഏതെങ്കിലും തരത്തില്‍ സംഭാവനകള്‍ നല്‍കുന്ന മുസ്ലിം ഗവേഷകര്‍ ഒന്നു പോലും ‘സി എച്ചിന്റെ യൂണിവേഴ്സിറ്റി’യില്‍ പഠിച്ചവരല്ല. അവിടെ പഠിക്കാത്തതു കൊണ്ടു മാത്രം രക്ഷപ്പെട്ടുപോയവരാണ്. യൂണിവേഴ്സിറ്റിക്ക് പുറത്തെ ഡിസ്റ്റന്‍സ് എഡ്യുക്കേഷനില്‍ ചേര്‍ന്ന് സ്വന്തമായോ, മത പാഠശാലകളിലെ ട്യൂഷന്‍ ക്‌ളാസുകള്‍ വഴിയോ ബിരുദം സംഘടിപ്പിച്ചു പുറത്തേക്കു രക്ഷപ്പെട്ടുപോയവര്‍ ആണവര്‍. അതൊക്കെ സി എച്ചിന്റെയും സീതിയുടെയും അക്കൗണ്ടില്‍ വരവു വെക്കുന്നത് ഏറ്റവും കുറഞ്ഞത് ഈ ചെറുപ്പക്കാരുടെ കഠിനാദ്ധ്വാനത്തോട് ചെയ്യുന്ന അനീതിയാണ്. സി എച്ച് സിന്‍ഡ്രോം പിടിച്ചു ഇങ്ങനെ എട്ടുകാലി മമ്മൂഞ്ഞിമാരാകാം എന്ന ലീഗിന്റെ ആത്മവിശ്വാസം അപാരം തന്നെ.

ഈ പോസ്റ്റിനോടൊപ്പം ഉള്ള വാര്‍ത്ത(ലിങ്ക് ഫസ്റ്റ് കമന്റില്‍) ബീഹാറില്‍ നിന്നാണ്. ഏഴ് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 22 മുസ്ലിംകള്‍ ജഡ്ജിമാരായ വാര്‍ത്തയാണ്. അവിടെ മുത്ത് സി എച്ച്് ഇല്ലാതിരുന്നത് സമുദായത്തിന്റെ ഭാഗ്യം. സി എച്ചിന് ശേഷം മൊത്തം 22 മുസ്ലിംകള്‍ ഇവിടെ
ജഡ്ജിമാരായിട്ടുണ്ടാവില്ല. നമ്മള്‍ സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് എടുത്തു വെച്ച് പിന്നോക്കക്കാര്‍ എന്നു പറഞ്ഞു തമാശയാക്കുന്ന ബീഹാരികള്‍ ആണ് ഈ നേട്ടം കൈവരിച്ചത്. തമിഴ്നാട്ടില്‍ ഒരു ശരാശരി മുസ്ലിമിന് സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങളുടെ പകുതി പോലും സി എച്ചും ലീഗുമുള്ള കേരളത്തില്‍ ഒരു മുസ്ലിമിന് ലഭിക്കുന്നില്ല എന്നാണു കണക്ക്. അപ്പോള്‍ ഗിയര്‍ ഒന്ന് മാറ്റി പിടിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഏറ്റവും കുറഞ്ഞത് പുതിയ തലമുറയുടെ മുന്നില്‍ പരിഹാസ്യരാവാതിരിക്കാം. അത് വേണ്ട എന്നു തീരുമാനിച്ചാല്‍ പിന്നെ രക്ഷയില്ല. സി എച്ചിന്റെ ഫലിതവും സീതിഹാജിയുടെ ഫലിതവും ആണല്ലോ ഏറ്റവും വിറ്റു പോകുന്ന ലീഗ് സാഹിത്യങ്ങള്‍!
Abdurahman Pkm

22 Muslims, including 7 girls become judges in Bihar