പഞ്ചസാര പാനീയങ്ങൾ, ഇ-സിഗരറ്റുകൾ ഇന്ന്മുതൽ ചിലവേറും


     
    Posted on: December 1, 2019 2:05 am | Last updated: December 1, 2019 at 1:16 am

    അബുദാബി : പഞ്ചസാര പാനീയങ്ങൾ, ഇ-സിഗരറ്റുകൾ എന്നിവക്ക് ഡിസംബർ ഒന്ന് ഞായറാഴ്ച  മുതൽ യുഎഇയിൽ ചിലവേറും. ഫെഡറൽ ടാക്സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ സിഗരറ്റ് ഉപകരണത്തിനും അതിലുപയോഗിക്കുന്ന വസ്തുവിനും പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങൾക്കുമാണ് വില കൂട്ടുക.

    ഈ ഉൽപന്നങ്ങളുടെ നിർമ്മാതാക്കളും കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളും എഫ് ടി എയുടെ എക്സൈസ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയടക്കമുള്ള ശിക്ഷയാണ് കാത്തിരിക്കുന്നത്. കസ്റ്റംസ് ഇറക്കുമതി എച്ച് എസ് കോഡ് 85437031, 85437032, 85437039 പട്ടികയിൽ വരുന്ന നിക്കോട്ടിനും പുകയിലയും അടങ്ങിയതോ അല്ലാത്തതോ ആയ എല്ലാ ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളും ഇതിലുൾപ്പെടും. അതുപോലെ തന്നെ നിക്കോട്ടിൻ അടങ്ങിയതോ അല്ലാത്തതോ ആയ ഇ സിഗരറ്റിനുള്ളിൽ ഉപയോഗിക്കുന്ന ദ്രാവകത്തിനും വില കൂടും.

    അധികമായി പഞ്ചസാര ചേർത്ത് മധുരം കൂട്ടിയ പാനീയങ്ങൾ, ജെല്ലുകൾ, പൊടികൾ, സത്തുകൾ എന്നിവക്കും വിലകൂടും. അനാരോഗ്യകരമായ വസ്തുക്കളുടെ ഉപഭോഗം കുറക്കുന്നതിനും ഉപഭോക്താക്കളുടെ പെരുമാറ്റം പരിഷ്കരിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നികുതി പരിഷ്ക്കാരം വാം കൂട്ടിച്ചേർത്തു.