Connect with us

Kerala

സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കേരള ബേങ്ക് യാഥാര്‍ഥ്യമായി

Published

|

Last Updated

തിരുവനന്തപുരം |  തടസ്സങ്ങള്‍ നീങ്ങി. സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധേയ പദ്ധതിയായ കേരള ബേങ്ക് യാഥാര്‍ഥ്യമായി. ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന 21 കേസുകളും ഒരുമിച്ച് പരിഗണിച്ച ഹൈക്കോടതി എല്ലാം തള്ളിയതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് മലപ്പുറം ഒഴികെയുള്ള 13 ജില്ലാ ബേങ്കുകളുടെ ലയനത്തിന് ഹൈക്കോടതി അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

കേരള ബോങ്ക് വിഭാവനം ചെയ്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
ബേങ്കുകളുടെ ലയനം ഉത്തരവാകുന്നതിനെ തുടര്‍ന്ന് ജില്ലാ,സംസ്ഥാന സഹകരണ ബേങ്കുകളിലെ നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഇല്ലാതാകും. സര്‍ക്കാര്‍ നിയമിക്കുന്ന ഇടക്കാല ഭരണസമിതിയായിരിക്കും തുടര്‍ന്ന് ഭരണനിര്‍വ്വഹണം നടത്തുക. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനറിസോര്‍സ് സെക്രട്ടറി സ്രഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബേങ്ക് മാനേജിംഗ് ഡയറക്ടര്‍ റാണി ജോര്‍ജ്് എന്നിവരായിരിക്കും ആദ്യത്തെ ഇടക്കാല ഭരണസമിതിയിലെ അംഗങ്ങള്‍. ഇടക്കാല ഭരണസമിതി അടിയന്തിരമായി യോഗം ചേര്‍ന്ന് സംസ്ഥാന,ജില്ലാസഹകരണ ബേങ്കുകളില്‍ നാളിതുവരെ നടന്നു വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോട്ടവും തട്ടാതെ ക്രമീകരണങ്ങള്‍ നടത്തി ഉത്തരവിറക്കും.

ലയനശേഷമുള്ള കേരള സംസ്ഥാന സഹകരണ ബേങ്കിന്റെ ആദ്യ ജനറല്‍ ബോഡി ഡിസംബറില്‍ ചേരും. ലയനശേഷം ആവശ്യമായി വരുന്ന ബൈലോ ഭേദഗതികളായിരിക്കും പ്രധാന അജന്‍ഡ. ഇതില്‍ പുതിയ ബേങ്കിന്റെ ഭരണനിര്‍വ്വഹണവും പ്രവര്‍ത്തനമേഖലകളുമായിരിക്കും പ്രധാനമായും ഉള്‍ക്കൊള്ളുന്നത്. നിലവില്‍ സംസ്ഥാന, ജില്ലാ സഹകരണ ബേങ്കുകളുടെ ഉത്പന്നങ്ങളും, സേവനങ്ങളും ഏറെക്കുറെ ഏകീകരിച്ചിട്ടുണ്ട്. 2020 ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പില്‍ വരുത്തും.

കേരബേങ്ക് സി ഇ ഒയായി 2020 ജനുവരിയില്‍ യൂണിയന്‍ ബേങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ പി എസ് രാജന്‍ ചുമതലയേല്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ലയനം (കേഡര്‍ ഇന്റഗ്രേഷന്‍) ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചിച്ച് 2020 മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കും. താല്‍ക്കാലികകരാര്‍ ജീവനക്കാര്‍, ദിവസവേതന ജീവനക്കാര്‍, കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരുടെ കാര്യത്തിലും ഉചിതമായ തീരുമാനം ഉണ്ടാകും. എല്ലാ ജീവനക്കാര്‍ക്കും ഉടന്‍ ആധുനിക പരിശീലനം നല്‍കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, പ്രമോഷന്‍, സ്ഥലംമാറ്റം എന്നിവ അടങ്ങിയ കേരള ബേങ്കിന്റെ നയം ഉടന്‍ രൂപവത്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.