Connect with us

Kerala

യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷം; പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  യൂണിവേഴ്‌സിറ്റി കോളജിനുള്ളിലും പരിസരത്തും എസ് എഫ് ഐ- കെ എസ് യു സംഘധര്‍ഷം. ഇരുവിഭാഗം പ്രവര്‍ത്തര്‍ ചേരി തിരിഞ്ഞ് കല്ലെറിഞ്ഞു. കല്ലേറില്‍ ഇരുവിഭാഗത്തില്‍ നിന്നും നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. യൂണിവേഴ്‌സിറ്റി കോളജിലേക്ക് പ്രകടനമായെത്തിയ കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നേരിട്ടതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് ഇരുവിഭാഗം കല്ലേറ് തുടങ്ങുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസിനും പരുക്കേറ്റു.

പോലീസ് ഇരുവിഭാഗം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ കല്ലേറില്‍ പരുക്കേറ്റ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിതിനെയുമായി പ്രവര്‍ത്തകര്‍ എം ജി റോഡ് ഉപരോധിച്ചു. എസ് എഫ് ഐക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഇതിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും എത്തി.

ഇതിനിടെ കെ എസ് യുക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐയും ഉപരോധം തുടങ്ങി. ഒരു മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍  എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. ഇതോടെ രമേശ് ചെന്നിത്തല ഉപരോധം അവസാനിപ്പിക്കാന്‍ കെ എസ് യു പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി ജി പി ഉറപ്പ് നല്‍കിയതായി ചെന്നിത്തല പറഞ്ഞു. പോലീസ് ഉറപ്പ് ലംഘിച്ചാല്‍ വീണ്ടും സമരം നടത്താമെന്നും ഇതില്‍ താനുമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് അറിയിക്കുകയായിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം എം ജി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി യൂണിവേഴ്‌സിറ്റി കോളജിലെ ഹോസ്റ്റലില്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോഴത്തെ രൂക്ഷ ഏറ്റുമുട്ടലിലെത്തിച്ചത്. ബുധാനാഴ്ച കെ എസ് യു പ്രവര്‍ത്തകനെ എസ് എഫ് ഐക്കാര്‍ ആക്രമിച്ച് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ കെ എസ് യു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് ഉച്ചയോടെ കോളജ് ക്യാമ്പസില്‍ ഒരു കെ എസ് യുപ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതിയുയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് കെ എം അഭിജിതിന്റെ നേതൃത്വത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ഡ യൂണിവേഴ്‌സിറ്റി കോളജിലെത്തിയത്. രമേശ് ചെന്നിത്തലയെ കൂടാതെ എം എം ഹസന്‍, ഡി സി സി പ്രസിഡന്റ് തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.

Latest