Connect with us

Articles

കലാപം വിതക്കാന്‍ ഇനി എന്‍ ആര്‍ സി

Published

|

Last Updated

കഴിഞ്ഞ മാസം അവസാന ദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് ആര്‍ എസ് എസ്- ബി ജെ പി നേതാക്കള്‍ ഒരു യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, ജന. സെക്രട്ടറി ബി എല്‍ സന്തോഷ്, ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്, സുരേഷ് ഭയ്യാജി ജോഷി, ദത്തത്രേയ ഹൊസബാലെ, മന്‍മോഹന്‍ വൈദ്യ, വി എച്ച് പിയുടെ ജസ്റ്റിസ് വി എസ് കോക്‌ജെ, അലോക് കുമാര്‍ തുടങ്ങിയവരായിരുന്നു യോഗത്തിലെ പ്രധാനികള്‍. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥതാവകാശ കേസില്‍ സുപ്രീം കോടതി വിധി പറയുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ യോഗം. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍, രാജ്യമൊന്നടങ്കം ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) കൊണ്ടുവരണമെന്നതാണ് ആര്‍ എസ് എസിന്റെ താത്പര്യമെന്ന് മോഹന്‍ ഭാഗവത് മാധ്യമങ്ങളെ അറിയിച്ചു. ബാബരിക്ക് പകരമായി ഇനി രാജ്യവ്യാപക എന്‍ ആര്‍ സി ഉയര്‍ത്തിക്കൊണ്ടുവരുമെന്നായിരുന്നു അന്ന് ഭാഗവത് പറഞ്ഞതിന്റെ ഉള്ളര്‍ഥം.

അതായത്, ബി ജെ പിയുടെയും സംഘ്പരിവാറുകളുടെയും ധാതുപുഷ്ടിക്ക് എപ്രകാരമാണ് ബാബരി വര്‍ത്തിച്ചത് എന്നത് എഴുപതുകള്‍ക്ക് ശേഷമുള്ള ഇന്ത്യയുടെ ചരിത്രം പറഞ്ഞു തരുന്നുണ്ട്. സുപ്രീം കോടതി വിധിയോടെ ബാബരിക്ക് തിരശ്ശീല വീഴുമെന്നും ജനങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാനുള്ള വഴി എന്‍ ആര്‍ സിയിലൂടെ തുറക്കണമെന്നുമാണ് അന്ന് ആര്‍ എസ് എസ് നേതാക്കള്‍ പറഞ്ഞത്. ആര്‍ എസ് എസിന്റെ താത്പര്യം കൃത്യമായി പ്രതിഫലിപ്പിക്കുമാറ് കഴിഞ്ഞയാഴ്ച പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ എന്‍ ആര്‍ സി രാജ്യവ്യാപകമാക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യവ്യാപകമാക്കുമെന്നതിന് പുറമെ അസമില്‍ ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച അന്തിമ എന്‍ ആര്‍ സി പട്ടിക റദ്ദാക്കി പുതിയ എന്‍ ആര്‍ സി പ്രക്രിയ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ എന്‍ ആര്‍ സി പട്ടികയില്‍ ന്യൂനതകള്‍ എമ്പാടുമുണ്ടെന്നാണ് ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും നിലപാട്. എന്തിലും ഏതിലും മതവും ജാതിയും ഭാഷയും പ്രാദേശികത്വവും ചികയുന്ന സംഘ്പരിവാരം ഇക്കാര്യത്തിലും അതുതന്നെയാണ് മാനകമാക്കിയത്. എന്തുകൊണ്ട് അസം എന്‍ ആര്‍ സി. ബി ജെ പിക്ക് അപ്രിയമായി? അതും ബി ജെ പി സര്‍ക്കാര്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്ത്! അതിനുള്ള ഉത്തരത്തിന് എന്‍ ആര്‍ സിയിലെ സാമുദായിക പ്രാതിനിധ്യമൊന്ന് ചികഞ്ഞാല്‍ മതി. മൂന്ന് കോടിയിലേറെ പേരാണ് എന്‍ ആര്‍ സിയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കിയിരുന്നത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 19 ലക്ഷത്തിലേറെ പേര്‍ പുറത്തായി.

അഥവാ, അത്രയും പേര്‍ ഇന്ത്യക്കാരല്ലാതായി. പുറത്തായവരില്‍ സിംഹഭാഗവും ഹിന്ദു സമൂഹത്തില്‍ നിന്നാണ്. 14 ലക്ഷം ഹിന്ദു മതവിശ്വാസികള്‍ പുറത്തായി. ഇതുതന്നെയാണ് ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും അപ്രീതിക്ക് കാരണവും. എന്‍ ആര്‍ സി കോ ഓര്‍ഡിനേറ്ററെ സുപ്രീം കോടതി ഇടപെട്ട് സ്ഥലം മാറ്റി. സ്ഥലം മാറ്റത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെങ്കിലും “അതെല്ലാവര്‍ക്കും അറിയാവുന്നതാണല്ലോയെന്ന” പരാമര്‍ശമാണ് കോടതി നടത്തിയത്. ഈ അറിവ് എന്താണെന്നും എല്ലാവരും എന്നത് ആരെ ഉദ്ദേശിച്ചാണെന്നും വര്‍ത്തമാനകാല സാഹചര്യത്തില്‍ സുതരാം വ്യക്തമാണ്. അസമില്‍ വീണ്ടും എന്‍ ആര്‍ സി പ്രക്രിയ ആരംഭിക്കുകയെന്നത് ഏറെ ശ്രമകരമായിരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അസം ജീവിതത്തിന്റെ നട്ടെല്ലിനെയാണ് എന്‍ ആര്‍ സി ബാധിച്ചത്.

വര്‍ഷംതോറുമുള്ള വെള്ളപ്പൊക്കം, ബോഡോ അടക്കമുള്ള തീവ്രവാദ സംഘത്തിന്റെ വെല്ലുവിളി തുടങ്ങിയ പ്രതികൂല സാഹചര്യത്തില്‍ അരിഷ്ടിച്ചു കഴിയുന്ന ഭൂരിപക്ഷം അസമികളുടെയും സാമ്പത്തിക നിലയെ വലിയ തോതില്‍ ബാധിച്ചിരുന്നു എന്‍ ആര്‍ സി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്താണ് അസമികള്‍ ജീവിക്കുന്നത്. മാത്രമല്ല സര്‍ക്കാര്‍ ഖജനാവില്‍ 1,600 കോടിയാണ് ഇതിന് മാത്രമായി ചെലവഴിച്ചത്. ഇനിയുമൊരു എന്‍ ആര്‍ സി അസമിന് താങ്ങില്ല. ഇതിലും ഭേദം പൗരത്വം വേണ്ടെന്ന് വെക്കുന്നതാണെന്ന് അന്തിമ പട്ടികയില്‍ നിന്ന് പുറത്തായ പലരും ഇപ്പോള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. അന്തിമ പട്ടികയിലില്ലാത്തവര്‍ക്ക് വിദേശീ ട്രൈബ്യൂണലുകളെ സമീപിക്കാനുള്ള അവസരമുണ്ട്. ഇന്ത്യയിലെ കോടതി വ്യവഹാരങ്ങളും ക്യാന്‍സര്‍ ചികിത്സയും ഒരുപോലെയാണെന്ന് പറയാറുണ്ട്. ഒരു കുടുംബം വഴിയാധാരമാകുന്ന സംഗതികളാണിത്. മാത്രമല്ല, രോഗി രക്ഷപ്പെടാനുള്ള സാധ്യത തുലോം വിരളവുമായിരിക്കും. ഇത്തരം അന്തമില്ലാത്ത കോടതി വ്യവഹാരങ്ങളിലേക്ക് തള്ളിവിടുന്നതായിരിക്കും ഈ പ്രക്രിയയുടെ ഫലം. അമിത് ഷായുടെ പ്രഖ്യാപനത്തോടെയും എന്‍ ആര്‍ സി കോഓര്‍ഡിനേറ്ററുടെ സ്ഥലം മാറ്റത്തോടെയും അസമിലെ പൗരത്വ നടപടികള്‍ സ്തംഭിച്ചിരിക്കുകയാണ്. പുതിയ കോ ഓര്‍ഡിനേറ്ററാകട്ടെ, അവധിയിലുമാണ്. ചുരുക്കത്തില്‍, പുറത്തായവര്‍ സംശയ മുനയില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് നീറിപ്പുകയും. ഇപ്പോള്‍ തന്നെ അത്തരം സാമൂഹിക അന്തരീക്ഷമാണ് അവിടെ. സാമൂഹിക മാധ്യമങ്ങളിലടക്കം പട്ടികയില്‍ നിന്ന് പുറത്തായ ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം അരങ്ങു തകര്‍ക്കുകയാണ്. എന്ത് ലക്ഷ്യത്തിനാണോ എന്‍ ആര്‍ സി പുതുക്കുന്നത് തുടങ്ങിയത്, ആ ഉദ്ദേശ്യം അന്തിമ പട്ടികയില്‍ പ്രതിഫലിച്ചില്ല എന്നതാണ് അസമില്‍ വീണ്ടും പൗരത്വ രജിസ്‌ട്രേഷന്‍ വേണമെന്ന് പറയുന്നതിന് പിന്നില്‍. പൗരന്മാര്‍ എത്രമാത്രം ഭയത്തിലും അരക്ഷിതാവസ്ഥയിലും കഴിയേണ്ടി വരുമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

രാജ്യമൊട്ടുക്കും പൗരത്വ രജിസ്‌ട്രേഷന്‍ കൊണ്ടുവരുന്നത് പൊതു ഖജനാവിന് ഭീമന്‍ ബാധ്യത വരുത്തിവെക്കുമെന്നതില്‍ സംശയമില്ല. നിലവിലെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയില്‍ വലിയ ദുരന്തം തന്നെയാകും അത് കൊണ്ടുവരിക. സര്‍ക്കാറിന് മാത്രമല്ല, പൗരന്മാര്‍ക്കും വലിയ സാമ്പത്തിക ബാധ്യതയായിരിക്കും എന്‍ ആര്‍ സിയിലൂടെയുണ്ടാകുക. മാത്രമല്ല, രാജ്യമൊട്ടുക്കും ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നതിലൂടെ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ അരക്ഷിതരാകുകയും രണ്ടാംകിട പൗരന്മാരെന്ന ബോധം അവരില്‍ ഉടലെടുക്കുകയും ചെയ്യും. കാരണം ആരെ ലക്ഷ്യമിട്ടാണ് ഇത്തരം പ്രക്രിയയെന്ന് അസമില്‍ വീണ്ടും എന്‍ ആര്‍ സി കൊണ്ടുവരുന്നതിലൂടെയും ആരുടെ താത്പര്യത്തിലാണ് തിരക്കുപിടിച്ച് ഇത്തരം പ്രഖ്യാപനങ്ങളെന്നതിലൂടെയും വ്യക്തമാണല്ലൊ.

മാത്രമല്ല, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്‌ലിമിതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന ബില്‍ ഉടനെ പാസ്സാക്കി നിയമമാക്കുമെന്ന സൂചനകളാണ് സര്‍ക്കാറില്‍ നിന്നുള്ളത്. രാഷ്ട്രീയ മൈലേജിനും മേധാവിത്വം നഷ്ടപ്പെടാതിരിക്കാനുമാണ് ഈ വിഷയം ബി ജെ പിയും ആര്‍ എസ് എസും വീണ്ടും വീണ്ടും ചര്‍ച്ചയാക്കുന്നതെങ്കിലും സമൂഹത്തില്‍ അവയുണ്ടാക്കുന്ന വിള്ളലും ആ വിള്ളലുകളിലൂടെ വിഷപ്പാമ്പുകളുടെ ദംശനമേല്‍ക്കുന്നതിനും ഇവ വലിയ പങ്ക് വഹിക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് എന്‍ ആര്‍ സി വിഷയം ഷാ ഉന്നയിച്ചതെന്നതും കാണേണ്ടതാണ്. മമതാ ബാനര്‍ജിയെ എങ്ങനെയെങ്കിലും താഴെയിറക്കാന്‍ അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ബി ജെ പിക്ക് സാധിച്ചില്ലെങ്കില്‍ അതൊരു വലിയ അഭിമാന പ്രശ്‌നമാകും. ഗവര്‍ണര്‍ അടക്കമുള്ള സംവിധാനങ്ങള്‍ അതിന് ആകുന്ന സഹായങ്ങള്‍ ചെയ്യുന്നുമുണ്ട്. എന്‍ ആര്‍ സി ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കുകയില്ല എന്ന മമതയുടെ ചെറുത്തു നില്‍പ്പ്, ആര്‍ എസ് എസിന്റെ വാശി വര്‍ധിക്കാന്‍ കാരണമാകും.

ആകയാല്‍, ഭരണകൂട വീഴ്ചകള്‍ മറച്ചുവെക്കാനുള്ള, തുടര്‍ ഭരണം കിട്ടിയിട്ടും തിരഞ്ഞെടുപ്പ് സമയങ്ങളില്‍ നേട്ടങ്ങളൊന്നും പറയാനില്ലാത്ത ഭരണകക്ഷിയുടെ പതിവ് പ്രചാരണ തന്ത്രമായാണ് എന്‍ ആര്‍ സി ഉയര്‍ന്നുവരുന്നത്. അടുത്ത പത്ത് വര്‍ഷത്തേക്ക് എന്‍ ആര്‍ സിയായിരിക്കും ബി ജെ പിയുടെ അഖിലേന്ത്യാ പ്രചാരണ വിഷയം. അതിന് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ ആര്‍ എസ് എസ് നല്‍കും. വിദേശിയെന്ന് ചാപ്പ കുത്തി ഒറ്റപ്പെടുത്തുക, സംഘം ചേര്‍ന്ന് ആക്രമിക്കുക, ഭയവും വിദ്വേഷവും വിതക്കുക തുടങ്ങിയ കസര്‍ത്തുകള്‍ ചെറുകിട പരിവാര്‍ സംഘടനകള്‍ നടത്തും.

Latest