Connect with us

National

ത്രികക്ഷി സഖ്യം അധികാരത്തില്‍: മഹാരാഷ്ട്രയുടെ 18-ാമത്തെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ

Published

|

Last Updated

മുംബൈ |  രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ അധികാരം ഇനി ഉദ്ദവ് താക്കറെയുടെ കൈകളില്‍. ഒരു മാസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും നിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാഡെ സര്‍ക്കാര്‍ അധികാരത്തിലേറി. ബാല്‍താക്കറെ ശിവസേനക്ക് ജന്മം നല്‍കിയ മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മഹാരാഷ്ട്രയുടെ 18-ാമത്തെ മുഖ്യമന്ത്രിയായി അദ്ദേഹത്തിന്റെ മകന്‍ ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായ അദ്ദേഹം നാരായന്‍ റാണക്കും മനോഹര്‍ ജോഷിക്കും ശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ ശിവസേന നേതാവാണ്.

ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ദേശീ- സംസ്ഥാന നേതാക്കളുടേയും സിനിമാ താരങ്ങളുമെല്ലാം അണിനിരന്ന സത്യപ്രതിജ്ഞ ചടങ്ങ് ത്രികക്ഷി സഖ്യത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ കാര്‍ഗെ, മുന്‍ ബി ജെ പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്്, ബാല്‍താക്കറയുടെ സഹോദര പുത്രന്‍ രാജ് താക്കറെ, എം കെ സ്റ്റാലിന്‍, സിനിമാ താരം, അമിതാഭ് ബച്ചന്‍, വ്യവസായി മുഖേഷ് അംബാനി തുടങ്ങിയ നിരവധി പേര്‍ ചടങ്ങിനെത്തി.

ഉദ്ദവ് താക്കറേക്ക് ശേഷം ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍ സി പിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ജഗന്‍ ബുജ്പല്‍, കോണ്‍ഗ്രസില്‍നിന്ന് ബലാസാഹേബ് തോറത്ത്, നിതിന്‍ റാവത്ത് എന്നിവരും മന്ത്രിമാരായി അധികാരമേറ്റു. ഉപമുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് എന്‍ സി പി ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ സത്യപ്രതിജ്ഞയിലെ മുന്‍ഗണനാക്രമം നോക്കിയാല്‍ ജയന്ത് പാട്ടീല്‍ ഈ സ്ഥാനത്ത് വരാനാണ് സാധ്യത. 43 മന്ത്രിമാര്‍ ഉദ്ദവ് മന്ത്രിസഭയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവരെ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പിന്നീട് തീരുമാനിക്കും.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ത്രികക്ഷി സഖ്യത്തിന്റെ പൊതുമിനിമം പരിപാടി പുറത്തിറക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും പൊതുമിനിമം പരിപാടിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest