Connect with us

National

ഗോഡ്‌സെയെ രാജ്യ സ്‌നേഹിയെന്ന് വിളിച്ച പ്രഗ്യാ സിംഗിനെതിരെ ബി ജെ പി നടപടി

Published

|

Last Updated

ന്യൂഡല്‍ഹി | മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച പ്രഗ്യാ സിംഗ് ഠാക്കൂര്‍ എം പിക്കെതിരെ ബി ജെ പി നടപടി. പ്രഗ്യാ സിംഗിന്റെ പ്രസ്താവന അപലപനീയമെന്ന് ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ പ്രതികരിച്ചു. പാര്‍ട്ടി ഇത് തള്ളിക്കളയുന്നു. പ്രഗ്യാ സിംഗിനെ പാര്‍ലിമെന്ററി പാര്‍ട്ടി സമിതി യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ലെന്നും നദ്ദ പറഞ്ഞു. പ്രഗ്യയെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ എസ് പി ജി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യാ സിംഗ് ഗോഡ്‌സെയെ രാജ്യ സ്‌നേഹി എന്ന് അഭിസംബോധന ചെയ്തത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നതോടെ പാര്‍ലിമെന്ററി രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടിരുന്നു. മുമ്പും സമാപന അഭിപ്രായ പ്രകടനം പ്രഗ്യാ സിംഗ് നടത്തിയിട്ടുണ്ട്. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാ സിംഗിന്റെ പരാമര്‍ശം മുമ്പും വിവാദമായിരുന്നു. ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത്. ഗോഡ്‌സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു ഈ പ്രസ്താവന.

മലേഗാവ് സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രഗ്യാ സിംഗ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നാണ് ബി ജെ പി എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്.

 

---- facebook comment plugin here -----

Latest