രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല; വളര്‍ച്ചാ നിരക്ക് കുറഞ്ഞേക്കാം: കേന്ദ്ര സര്‍ക്കാര്‍

Posted on: November 27, 2019 7:40 pm | Last updated: November 28, 2019 at 10:14 am

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടായേക്കാമെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു. സാമ്പത്തിക മേഖലയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും മടിയാണെന്നും സാമ്പത്തികനില മെച്ചപ്പെടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും ധനമന്ത്രി പറഞ്ഞു. ഇതോടെ, ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷം നേരത്തെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. സാമ്പത്തിക മാന്ദ്യം, ജി ഡി പി തകര്‍ച്ച, കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. രാജ്യത്തെ നിക്ഷേപം താഴോട്ട് പോയെന്നും വിമര്‍ശനമുയര്‍ന്നു. പണക്കാര്‍ കൂടുതല്‍ പണക്കാരാകുന്ന സ്ഥിതിയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.
അതേ സമയം സാമ്പത്തിക മേഖലക്ക് ഊര്‍ജം പകരുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് നടപടികളെന്നും മന്ത്രി വിശദീകരിച്ചു.