പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Posted on: November 27, 2019 2:17 pm | Last updated: November 27, 2019 at 7:03 pm

കൊച്ചി |  അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ അധ്യാപകര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹെഡ്മാസ്റ്റര്‍ കെ കെ മോഹനന്‍, അധ്യാപകനായ ഷജില്‍ എന്നിവരാണ് ഇന്ന് ഹരജി നല്‍കിയത്. പാമ്പ് കടിയേറ്റ സമയത്ത് താന്‍ സ്റ്റാഫ് റൂമിലായിരുന്നെന്ന് ഷജില്‍ ഹരജിയില്‍ പറയുന്നു.

ഷഹ്‌ലക്ക് അടിയന്തിര ചികിത്സ നല്‍കുന്നതില്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കും വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ അടക്കം മൂന്ന് അധ്യാകര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയുമാണ് കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും ബാലനീതി വകുപ്പിലെ 75-ാം വകുപ്പ് പ്രകാരവുമാണ് കേസുള്ളത്. ഇതില്‍ ബാലനീതി വകുപ്പുമായി ബന്ധപ്പെട്ട കേസ് ജാമ്യം ലഭിക്കാത്തതാണ്.

കഴിഞ്ഞ 20നാണ് സര്‍വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റത്.