ബാബരി മസ്ജിദ് കേസില്‍: സുന്നി വഖ്ഫ് ബോര്‍ഡ്‌ പുനഃപരിശോധന ഹരജി നല്‍കില്ല

Posted on: November 26, 2019 3:26 pm | Last updated: November 26, 2019 at 8:34 pm

ലഖ്‌നൗ | ബാബരി ഭൂമി ക്ഷേത്രത്തിനായി വിട്ടുനല്‍കിയ സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ഹരജി നല്‍കേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ് തീരുമാനം. കേസില്‍ ഇനി ഒരു നിയമ പോരാട്ടം വേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനമെന്ന് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു. ഇന്ന് ചേര്‍ന്ന ബോര്‍ഡിന്റെ അടിയന്തിര യോഗമാണ് തീരുമാനം എടുത്തത്. എട്ട് അംഗങ്ങളുള്ള ബോര്‍ഡില്‍ ഏഴ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ഇതില്‍ ആറ് പേരും പുനഃപരിശോധന ഹരജിയെ എതിര്‍ത്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പള്ളിക്കായി അയോധ്യയില്‍ ഏറ്റവും അനുയോജ്യമായ അഞ്ചേക്കര്‍ സ്ഥലം കേന്ദ്രസര്‍ക്കാറില്‍ നിന്ന് വാങ്ങണോ എന്ന കാര്യത്തില്‍ ബോര്‍ഡ് പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കേസില്‍ പുനഃപരിശോധനാ ഹരജി നല്‍കാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പള്ളി നിര്‍മിക്കാനുള്ള അഞ്ചേക്കര്‍ സ്വീകരിക്കേണ്ടെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് വിത്യസ്തമായ സമീപനമാണ് സുന്നി വഖ്ഫ് ബോര്‍ഡ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. സുന്നി വഖ്ഫ് ബോര്‍ഡിന്റെ നിലപാടിന് സമാനമായ അഭിപ്രായമാണ് കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇക്ബാര്‍ അന്‍സാരിയും നേരത്തെ പറഞ്ഞിരുന്നത്.