Connect with us

Religion

ഇമാം ഗസ്സാലി (റ) ജ്ഞാനപ്രസരണത്തിന്റെ ഉറവിടം

Published

|

Last Updated

“മശ്ഹദ്” ചരിത്രങ്ങളുറങ്ങുന്ന പട്ടണം. ആധുനിക ഇറാന്റെ കിഴക്കൻ അറ്റത്ത് സ്ഥിതിചെയ്യുന്ന തുർക്കുമനിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും തൊട്ടുരുമ്മിനിൽക്കുന്നു. ഈ വിശ്വ പ്രസിദ്ധ പട്ടണത്തിൽ ഖുറാസാനിലെ തൂസ് ജില്ലയിലെ ത്വബ്‌റാനിൽ ഹിജ്‌റ 450 (ക്രിസ്താബ്ദം- 1058) ലാണ് വിശ്വവിഖ്യാത പണ്ഡിതനും സൂഫിവര്യരും ചിന്തകനുമായ മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു അഹ്്മദു ത്വൂസിയ്യ ശാഫിഈ അബീഹാമിദിൽ ഗസ്സാലി (റ) ദിവംഗനാകുന്നത്.
ആത്മീയതയുടെ ഉത്തുംഗതയിൽ വിരാചിക്കുകയും അനേകം സൂഫീ ധാരകളിലൂടെ കാടും മലകളും താണ്ടി അറിവിൻ ആഴിയിലേക്ക് സഞ്ചരിച്ച് പതിനായിരങ്ങൾക്ക് വഴികാട്ടിയായി വർത്തിച്ച മഹാനുഭാവൻ ഇസ്‌ലാമിക ഭൂപടത്തിൽ തുല്യതയില്ലാത്ത സംഭാവനകളാണ് അർപ്പിച്ചിട്ടുള്ളത്. ലോക രാജ്യങ്ങളിൽ ഗസ്സാലി ഇമാമിനെ ഇന്നും പുകഴ്ത്തപ്പെടുന്നു. ഇസ്‌ലാമിൽ തർക്ക വിഷയങ്ങളിൽ വരെ പണ്ഡിതന്മാരും ആലിമീങ്ങളും അവലംബമാക്കുന്നത് അവിടുത്തെ ഗ്രന്ഥങ്ങളാണ്. പല രചനകളും പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടവയാണ്. കൺമുന്നിൽ നിന്ന് മറഞ്ഞെങ്കിലും ആത്മീയ ലോകത്ത് നിന്ന് ഗസ്സാലി ഇമാം സമൂഹത്തെ സമുദ്ധരിക്കുന്നുണ്ടെന്ന് സാരം.

ഗസ്സാലി ഇമാമിന്റെ ഉയർച്ചയിൽ പണ്ഡിതനും സൂഫീവര്യനും ദീർഘവീക്ഷണ ശാലിയുമായ പിതാവ് മുഹമ്മദ് ഗസ്സാലി നിസ്തുല പങ്കുവഹിച്ചു. ദീനീ കാര്യങ്ങളിൽ കർക്കശ നിലപാട് സ്വീകരിച്ചിരുന്ന അദ്ദേഹം സ്വയം അധ്വാനിച്ച് നേടിയത് മാത്രമെ ഭക്ഷിക്കൂ എന്ന ധാർമിക പിടിവാശിക്കാരനും കൂടിയായിരുന്നു. ഈ തീരുമാനം കമ്പിളിനൂറ്റ് അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കുന്ന തീരുമാനത്തിലേക്കെത്തിച്ചു. ഇങ്ങനെ കഷ്ടിച്ചായിരുന്നു ഗസ്സാലി ഇമാമും കുടുംബവും ജീവിച്ചുപോന്നിരുന്നത്. പക്ഷേ, ഈ സാമ്പത്തിക ഞെരുക്കങ്ങൾ അതിജയിച്ച് ഗസ്സാലി ഇമാം ജീവിതത്തിന്റെ ഓരോ പടവും ചവിട്ടിക്കയറി. ബാല്യത്തിൽ തന്നെ അധ്യാത്മികതയോടുള്ള സമീപനവും ഉൽക്കടേച്ഛ തെളിഞ്ഞ് നിന്നിരുന്നു. പിതാവിന്റെ മനസ്സുരുകിയുള്ള പ്രാർഥന അണമുറിയാതെ ലഭിച്ചപ്പോൾ അള്ളാഹു സ്വീകരിച്ച് അക്ഷരംപ്രതി ഉത്തരം കിട്ടിയത് പോലെയായിരുന്നു ഗസ്സാലി ഇമാമിന്റെ പിന്നീടുള്ള മുന്നേറ്റം.

പ്രാഥമിക പാഠങ്ങൾ പിതാവിൽ നിന്ന് തന്നെയായിരുന്നു. പിന്നീട് കുറച്ച് കാലം അഹ്്മദുബ്‌നുർറാകാനി(റ)ന്റെ ചാരത്തായിരുന്നു. അടക്കവും ശ്വാസവും നിരീക്ഷിച്ച് പ്രാഥമികാനുബന്ധ അറിവുകൾ ഓരോന്നായി പകർത്തി. അതിനിടക്കാണ് ഗസ്സാലി (റ) വിന്റെ പിതാവ് രോഗ ശയ്യയിലാകുന്നത്. സൂഫിയായ സുഹൃത്തിനെ വിളിച്ച് വരുത്തി ആ പിതാവ് തന്റെ മക്കളായ ഗസ്സാലി ഇമാമിനും സഹോദരൻ അഹ്മദ് ഗസ്സാലിക്കും തന്റെ കാലശേഷവും അറിവ് പഠിപ്പിക്കണമെന്ന് വസിയ്യത്ത് ചെയ്ത് കൈയിൽ കരുതിയിരുന്ന തുച്ഛമായ പണക്കിഴി നൽകി. പിതാവിന്റെ മരണശേഷം എഴുത്തും വായനയും പഠിപ്പിച്ച് സൂഫിയായ സുഹൃത്ത് വസിയ്യത്ത് നിറവേറ്റിയെങ്കിലും ആ പഠനത്തിനും അധികം ആയുസ്സുണ്ടായില്ല. പഠനാർഥം ഏൽപ്പിച്ച പണം തീർന്ന് പോയെന്നും നിങ്ങളെ എനിക്ക് പഠിപ്പിക്കാൻ കഴിയില്ലെന്നും ദരിദ്രനാണെന്നും പറഞ്ഞ് ഗസ്സാലി ഇമാമിനോടും സഹോദരനോടും കാര്യം ധരിപ്പിച്ചു. തുടർന്ന് പഠിക്കാൻ അടുത്തുള്ള മദ്‌റസയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. അറിവിനോടുള്ള ദാഹവും ആഗ്രഹവും രണ്ട് പേരേയും മദ്‌റസയിൽ ചേരുന്നതിന് പ്രാപ്തരാക്കി. ഏത് പ്രതിസന്ധികളേയും അതിജയിക്കാനൊരുങ്ങിയ ബാല്യങ്ങൾക്ക് വിജയത്തിലേക്കും ഉയർച്ചയിലേക്കുമുള്ള കവാടമായിരുന്നു ഈ തീരുമാനങ്ങൾ. ഈ സാഹചര്യത്തെക്കുറിച്ച് ഗസ്സാലി ഇമാം തന്നെ പറയുന്നുണ്ട്. “ഞങ്ങൾ അല്ലാഹുവിനെ ലക്ഷ്യമാക്കാതെ ജ്ഞാനം പഠിച്ചു. ജ്ഞാനം അള്ളാഹുവിനല്ലാതിരിക്കാൻ വിസമ്മതിച്ചു”. ( ഇത്ഹാഫ് 1 / 9 )

ഒരിക്കൽ പണ്ഡിതരിൽ പ്രമുഖനായ അബുൽ ഹസനു ശാദുലി (റ), മുത്ത് നബി(സ്വ) തങ്ങൾ മൂസാ നബിയോടും ഈസാ നബിയോടും നിങ്ങളുടെ ഉമ്മത്തിൽ ഗസ്സാലി (റ)വിനെപ്പോലേയുള്ള പണ്ഡിതനുണ്ടോയെന്ന് ചോദിച്ച് അഭിമാനം പറയുന്നതായും തിരിച്ച് മൂസാ നബിയും ഈസാ നബിയും ഇല്ലെന്ന് മറുപടി പറയുന്നതായും സ്വപ്‌നത്തിൽ ദർശിക്കുകയുണ്ടായി. (ഇത്ഹാഫ് 1/13) സർവസമ്മതനും ലാളിത്യത്തിനുടമയുമായ ഗസ്സാലി ഇമാം ഇലാഹീ മാർഗത്തിൽ ബഹുദൂരം സഞ്ചരിച്ചതിന്റെയും അറിവിന്റെ നിറകുടമായതിന്റെയും രഹസ്യം ഗുരുനാഥന്മാരുടെ പൊരുത്തവും ജീവിതത്തിലുടനീളം കാത്ത് സൂക്ഷിച്ചിരുന്ന ബഹുമാനവും കറകളഞ്ഞ വ്യക്തി ജീവിതവുമായിരുന്നു. ആയുസ്സിന്റെ സിംഹഭാഗവും അറിവിനും ദീനിനും ഉഴിഞ്ഞിട്ട ഇമാം ഗസ്സാലി (റ) എവിടെയും സ്ഥിരമായി താമസിച്ചിരുന്നില്ല. ഒരറിവന്വേഷിയുടെ ത്വരത ജീവിതത്തിൽ മുഴച്ച് കാണുമായിരുന്നു. റബ്ബിന്റെ തൃപ്തി കാംക്ഷിക്കാൻ പല രാജ്യങ്ങളും സന്ദർശിച്ചു.കനപ്പെട്ട അറിവുകൾ സമ്പാദിച്ചു. ജ്ഞാന സമൃതിയിൽ നിപിഢമായിരുന്ന അന്നത്തെ നിളാമിയ്യ മുൽകിന്റെ രാജകൊട്ടാരത്തിൽ കയറിച്ചെന്ന് സംവാദം നടത്തി. അവസാനം ഗസ്സാലി ഇമാമിന്റെ അറിവിന്റെ ആഴം തടിച്ചുകൂടിയ പണ്ഡിത വ്യൂഹത്തിന് ബോധ്യപ്പെട്ടു. ഒരു വേള അവർക്ക് മഹാനവർകൾക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നു. ബഗ്ദാദിന്റെ നാടും നഗരവും ജനങ്ങളും ഈ സംഭവത്തെ കാര്യമായി കണക്കിലെടുത്തു, ഉയർന്ന പണ്ഡിതനായി പ്രഖ്യാപിച്ച് ഹിജ്‌റ 485ൽ ബഗ്ദാദിലെ കോളജിൽ അധ്യാപകനായി നിയമിച്ചു. താഴ്മയും ബഹുമാനവും ആദരവും പൊരുത്തവും ജീവിതശുദ്ധിയും ഒരു പോലെ നിഴലിച്ച് നിന്നിരുന്ന ഗസ്സാലി (റ) വിന്റെ ജീവിതം നമുക്ക് വലിയ സന്ദേശം നൽകുന്നുണ്ട്.
സൂഫിസത്തിന്റെ രോമവസ്ത്രം ധരിച്ച് ഇലാഹീ ചിന്തയിൽ കാടും മലകളും കയറിയിറങ്ങി പഴങ്ങളും തെളിനീരും ഭക്ഷിച്ച് എല്ലാം ത്യജിച്ച് നോമ്പിലും ആരാധനയിലുമായി മുഴുകി പരിത്യാഗിയായി ജീവിച്ചു. പക്ഷേ, അവസാന കാലത്ത് കുടുംബത്തിന്റെ ആഗ്രഹത്തിന് വഴങ്ങി ഏകാന്തവാസം വെടിയേണ്ടിവന്നു. ജനസമ്പർക്കത്തിൽ ചെറിയ തോതിൽ ഇളവ് വരുത്തി ബഗ്ദാദിന്റെ മണ്ണിലേക്ക് മടങ്ങിയെത്തി. നിളാമിയ്യ കോളജിൽ അധ്യാപകനായി കുറഞ്ഞ കാലം മഹാനുഭാവൻ സേവനമനുഷ്ഠിച്ചു. ശേഷം സ്വന്തം നാടായ തൂസിലേക്ക് തിരിച്ചു. പഠിതാക്കൾക്ക് വിശാലമായ രൂപത്തിൽ അറിവ് പഠിക്കാൻ ഒരു പാഠശാലനിർമിച്ചു. കൂടാതെ ഇലാഹീ മാർഗത്തിൽ കടന്ന സൂഫികൾക്ക് ആരാധനയിൽ മുഴുകാൻ ഖാൻഗാവും പണികഴിപ്പിച്ചു.

ഗ്രന്ഥങ്ങളിലൂടെ

ലോകാടിസ്ഥാനത്തിൽ ഗസ്സാലി (റ)വിനെ അറിയപ്പെടുത്തിയത് അവിടുത്തെ ഗ്രന്ഥലോകമാണ്. 228ൽ പരം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടുവെന്ന് ചരിത്രം പറയുന്നുണ്ട്. അതിൽ പ്രശസ്തമാണ് “ഇഹ് യാ ഉലൂമുദ്ദീൻ”
ആധുനിക തത്വ ചിന്തകന്മാരെയും ബുദ്ധിജീവികളേയും ഒരുപോലെ മാനസാന്തരപ്പെടുത്തുന്ന അവതരണ ശൈലിയുള്ള ഈ ഗ്രന്ഥം ഏത് കടുത്ത മനസ്സിനേയും ലോലമാക്കുന്ന അത്ഭുത ഗ്രന്ഥമാണ്. മനുഷ്യസഹജവും അല്ലാത്തതുമായ മുഴുവൻ മേഖലയിലൂടെയും ഇഹ്്യാ ഉലൂമുദ്ദീൻ തേരോട്ടം നടത്തി. ഇഹ്‌യാ ഉലൂമുദ്ദീനിൽ പരാമർശിച്ച ഹദീസുകൾ നിരൂപണം നടത്തി പലരും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അതോടൊപ്പം ഇഹ്്യയെ സംഗ്രഹിച്ചവരും കുറവല്ല. ആദ്യമായി സംഗ്രഹിച്ചത് അവിടുത്തെ സഹോദരൻ അബുൽ ഫത്ഹ് അഹ്മദുബ്‌നു മുഹമ്മദുൽ ഗസ്സാലി (റ) ആണ്. ഈഗ്രന്ഥം “ലുബാബുൽ ഇഹ്‌യ” എന്ന പേരിൽ അറിയപ്പെടുന്നു.
എന്നാൽ, രചിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ വ്യാഖ്യാനം”ഇത്ഹാഫുസ്സാ ദതിൽ മുത്തഖീൻ ബി ശറഹി ഇഹ്യാഉലൂമുദ്ദീൻ” എന്ന പ്രശസ്ത ഗ്രന്ഥമാണ്. ഇത് പത്തോ പതിനഞ്ചോ വാള്യങ്ങളായി പ്രസിദ്ധീകരിക്കുന്നുണ്ട്.
ജന്മംകൊണ്ട് വലിയെ ജനസഞ്ചയത്തെ നേരിൻ പക്ഷത്തേക്ക് ചേർക്കാൻ ഗസ്സാലി (റ)വിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് യാഥാർഥ്യം.

വിടവാങ്ങൽ

ഒരു തിങ്കളാഴ്ച പുലർച്ചെ സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് കഫം പുട കണ്ണോട് ചേർത്തുപിടിച്ച് ഞാനെന്റെ റബ്ബിന്റെ ആജ്ഞ സ്വീകരിക്കുന്നു എന്നും പറഞ്ഞ് കാൽ നീട്ടി നീണ്ട് നിവർന്ന് ഖിബ്‌ലക്ക് അഭിമുഖമായി കിടന്നു. ഹിജ്‌റ 505 ജുമാദുൽ അവ്വൽ 14 ന് (ക്ര. വ 1111 ഡിസംബർ 19 ) ന് ഗസ്സാലി ഇമാം ഈ ലോകത്ത് നിന്ന് വിട പറഞ്ഞു. മരണപ്പെടുമ്പോൾ ഗസ്സാലി (റ)വിന് 55 വയസ്സായിരുന്നു.

മരണത്തിന്റെ തലേ ദിവസം രാത്രി അവസാനമായി എഴുതിയ “അൽഖസീദതുന്നൂ നിയ്യ, വൽ ജൗഹറ തുൽ ഫരീദതുൽ മുളിയ്യ” എന്ന കവിത തീർത്തും ഐഹിക വിരക്തിയെ സൂചിപ്പിക്കുന്നതായിരുന്നു.

അവലംബം:

  • ഇത്ഹാഫ്
  • ഇമാം ഗസ്സാലി ആത്മീയാനന്തത്തിന്റെ
  • ദാർശനികൻ (എ കെ അബ്ദുൽ മജീദ്)
  • എം എ ഉസ്താദിന്റെ സംയുക്ത കൃതികൾ
---- facebook comment plugin here -----

Latest