ബംഗാള്‍ ഉപ തിരഞ്ഞെടുപ്പ്; തൃണമൂലിന് നിര്‍ണായകം

Posted on: November 25, 2019 2:40 pm | Last updated: November 25, 2019 at 8:40 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. കരിംഗഞ്ച്, ഖാരഗ്പൂര്‍, കലിയഗഞ്ച് എന്നീ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കരിംഗഞ്ച് തൃണമൂലിന്റെയും ഖാരഗ്പൂര്‍ ബി ജെ പിയുടെയും കലിയാഗഞ്ച് കോണ്‍ഗ്രസിന്റെയും കൈയിലാണ്. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ നേട്ടമുണ്ടാക്കി ആറു മാസം പിന്നിടുമ്പോഴാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി തങ്ങളുടെ അംഗബലം രണ്ടില്‍ നിന്ന് 18ലേക്ക് ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെത് 22 ആയി ചുരുങ്ങിയിരുന്നു.

സിറ്റിംഗ് എം എല്‍ എ. പര്‍മത നാഥ് റോയിയുടെ മരണത്തെ തുടര്‍ന്നാണ് കലിയാഗഞ്ച് സീറ്റില്‍ ഒഴിവുവന്നത്. തൃണമൂലിന്റെ മോഹുവ മോയിത്രയും ബി ജെ പിയുടെ ദിലിപ് ഘോഷും എം പിമാരായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മറ്റു രണ്ടു സീറ്റുകളില്‍ ഉപ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.  ഇടതു മുന്നണിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയാണ് ഉപ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. കരിംഗഞ്ചില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ മറ്റ് രണ്ട് സീറ്റില്‍ കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഈമാസം 28നാണ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുക.

മൂന്നു സീറ്റില്‍ മാത്രമാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്. സംസ്ഥാനത്ത് ബി ജെ പിയുടെ സ്വാധീനം വര്‍ധിച്ചു വരുന്നതില്‍ കടുത്ത സമ്മര്‍ദത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കെ, ഉപ തിരഞ്ഞെടുപ്പ് ബംഗാള്‍ എങ്ങോട്ട് ചായുമെന്നതിന്റെ ചൂണ്ടുപലകയാകും.