കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന നായ നാട്ടുകാരെ വട്ടംകറക്കി

Posted on: November 24, 2019 2:29 pm | Last updated: November 24, 2019 at 2:30 pm


വാഷിംഗ്ടൺ | നായയെ കാറിലിരുത്തി പുറത്തുപോയ ഉടമക്ക് മുട്ടൻ പണികിട്ടി. ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരുന്ന വളർത്തുനായ റിവേഴ്‌സ് ഗിയറിട്ടതോടെ കാർ വട്ടംകറങ്ങി. മിനുട്ടുകളോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. വാതിൽ പൂട്ടി ഡ്രൈവർ പുറത്തേക്ക് പോയശേഷം നായ കാറിന്റെ ഗിയർ ലിവറിൽ കൈ അമർത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാർ നിർത്തിയിട്ട സമീപത്തെ വീട്ടിലെ നായ്ക്കൾ വാഹനം കറങ്ങുന്നത് കണ്ട് കുരച്ചതോടെയാണ് നാട്ടുകാർ ഓടിക്കൂടിയത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മാക്‌സ് എന്ന നായ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെയും വട്ടം ചുറ്റിച്ചു.
ഉടമ സ്ഥലത്തില്ലാത്തതിനാൽ പോലീസിന് കൂടുതൽ തലവേദനയായി. ബാറ്ററിയുടെ ചാർജ് തീർന്ന ശേഷമാണ് കാറിന്റെ പ്രവർത്തനം അവസാനിച്ചത്.
നായ സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ലെന്നും അശ്രദ്ധ കാണിച്ച കാർ ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ആർക്കും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും സമീപത്തെ മെയിൽ പെട്ടി തകർന്നിട്ടുണ്ട്.