ഷഹല ഷെറിന്റെ മരണം: നാല് പ്രതികളും ഒളിവില്‍; ഡോക്ടര്‍ ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

Posted on: November 24, 2019 9:55 am | Last updated: November 24, 2019 at 2:42 pm

വയനാട്: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത നാല് പേരും ഒളിവില്‍. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ , ഹെഡ്മാസ്റ്റര്‍ മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ ഇതുവരെ പേലീസിന് കണ്ടെത്താനായിട്ടില്ല.

അതേ സമയം കുട്ടിയെ ചികിത്സിച്ച ബത്തേരി താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ജിസ മുന്‍കൂര്‍ ജാമൃത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.ഇതിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്നാണ് അറിയുമന്നത്. ജില്ലാ കോടതി ജഡ്ജി നേരിട്ട് സംഭവ സ്ഥലം പരിശോധിച്ചതിനാല്‍ അവിടെ അപേക്ഷ നല്‍കിയാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നുമുള്ള നിയമോപദേശമാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. മരുന്നുകളുടെ അഭാവവും മറ്റ് അസൗകര്യങ്ങളും പ്രതിസന്ധിയായി എന്ന് കോടതിയില്‍ വിശദീകരിക്കാനാണ് നിയമോപദേശം ലഭിച്ചത്.