Kerala
എന്‍സിപിയെ ഇടതുമുന്നണിയില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യമുയരുന്നു; പ്രതിരോധിക്കാനാകാതെ എന്‍സിപി കേരള ഘടകം

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മത നിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍സിപിയെ പുറത്താക്കണം. എന്‍സിപിയെ പുറത്താക്കി സിപിഎം സത്യസന്ധത തെളിയിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. അര്‍ധരാത്രിയിലെ അതി നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും നിനച്ചിരിക്കാത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. സംസ്ഥാനത്ത് സര്‍ക്കാറില്ലാത്തതിനാല്‍ കര്‍ഷകരുടെ പ്രശ്്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും കര്‍ഷകര്‍ക്ക് വേണ്ടിയാണ് ബിജെപിയുമായി ചേര്‍ന്നതെന്നുമായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാര്‍ പ്രതികരിച്ചത്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി കേരളത്തിലെ എന്‍സിപി ഘടകത്തെ ഏറെ വെട്ടിലാക്കിയിരിക്കുകയാണ്. ഇടത് മുന്നണിയുടെ ഘടക കക്ഷിയെന്ന നിലയില്‍ ദേശീയ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കിയതിനെ എങ്ങിനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ കേരള എന്‍സിപി ഘടകം. അജിത് പവാറിന്റെ നീക്കം വ്യക്തിപരമാണെന്നാണ് ശരത് പവാര്‍ പ്രതികരിച്ചത്. പാര്‍ട്ടി തീരുമാനം ലംഘിച്ച് ബിജെപിയുമായി ധാരണ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന എന്‍സിപി നേതാവ് ടിപി പീതാംബരന്‍ പങ്കുവെച്ചത്.