Connect with us

International

ശ്രീലങ്കയില്‍ പൊതു തിരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന് പ്രസിഡന്റ് ഗോതബായ

Published

|

Last Updated

കൊളംബോ: ശ്രീലങ്കയില്‍ എത്രയും നേരത്തെ പൊതു തിരഞ്ഞെടുപ്പു നടത്തുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഗോതബായ രജപക്‌സെ. അടുത്ത ആഗസ്റ്റിലാണ് ശ്രീലങ്കയിലെ നിലവിലെ പാര്‍ലിമെന്റിന്റെ കാലാവധി അവസാനിക്കുക. എന്നാല്‍ മാര്‍ച്ചില്‍ സഭ പിരിച്ചുവിടാനും തിരഞ്ഞെടുപ്പു നടത്താനും ഭരണഘടന പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ട്. അതിനു മുമ്പായി ജനകീയ പിന്തുണ നേടാനും തിരഞ്ഞെടുപ്പില്‍ 225 അംഗ പാര്‍ലിമെന്റില്‍ തന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന (എസ് എല്‍ പി പി) പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാനാണ് ഗോതബായ പദ്ധതിയിടുന്നത്.

നിലവില്‍ രജപക്‌സെ വിഭാഗത്തിനും സഖ്യ കക്ഷികള്‍ക്കുമായി 96 അംഗങ്ങള്‍ മാത്രമാണുള്ളത്. അംഗങ്ങളുടെ കുറവ് നിയമനിര്‍മാണങ്ങള്‍ നടത്തുന്നതില്‍ വലിയ പ്രതിബന്ധം സൃഷ്ടിക്കും. തന്റെ സഹോദരന്‍ മഹിന്ദ രജപക്‌സെയുടെ നേതൃത്വത്തിലുള്ള 16 അംഗ മന്ത്രിസഭക്ക് ഗോതബായ കഴിഞ്ഞാഴ്ച രൂപംകൊടുത്തിരുന്നു. മുന്‍ പ്രസിഡന്റായ മഹിന്ദ ഇപ്പോള്‍ പ്രധാന മന്ത്രി പദവിക്കൊപ്പം ധനകാര്യ മന്ത്രിയുടെ ചുമതലയും വഹിക്കുന്നുണ്ട്. ഇടക്കാല സര്‍ക്കാര്‍ രൂപവത്കരണത്തിനു വഴിയൊരുക്കി മുന്‍ പ്രധാന മന്ത്രിയും യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യു എന്‍ പി) നേതാവുമായ റനില്‍ വിക്രമസിംഗെ സ്ഥാനമൊഴിഞ്ഞിരുന്നു.