Connect with us

National

ഭീകര ഗ്രൂപ്പുകള്‍ക്ക് ധനസഹായം ചെയ്യുന്ന കമ്പനിയില്‍ നിന്ന് ബി ജെ പി സംഭാവന സ്വീകരിച്ചതായി വിവരം

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകര ഗ്രൂപ്പുകള്‍ക്ക് ധനസഹായം ചെയ്യുന്ന കമ്പനിയില്‍ നിന്ന് ബി ജെ പി വന്‍ തുക സംഭാവന വാങ്ങിയതായി വിവരം. തിരഞ്ഞെടുപ്പു കമ്മീഷന്‍ മുമ്പാകെ ബി ജെ പി തന്നെ സമര്‍പ്പിച്ച രേഖകളിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണ പട്ടികയിലുള്ള ആര്‍ കെ ഡബ്യു ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് സംഭാവന കൈപ്പറ്റിയിട്ടുള്ളത്. 2014-15 വര്‍ഷത്തില്‍ 10 കോടി രൂപയാണ് കമ്പനിയില്‍ നിന്ന് പാര്‍ട്ടി സ്വീകരിച്ചത്.

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയും മാഫിയാ തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനുമായിരുന്ന പരേതനായ മേമന്‍ എന്ന ഇഖ്ബാല്‍ മിര്‍ച്ചിയുമായി ഈ കമ്പനി സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും സ്വത്തുവഹകള്‍ വാങ്ങുകയും ചെയ്തതായി ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭീകര, അധോലോക ഗ്രൂപ്പുകളുമായി ഇടപാടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കമ്പനിയുടെ മുന്‍ ഡയറക്ടര്‍ രഞ്ജിത് ബിന്ദ്രയെ ഇ ഡി നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കമ്പനിയും മിര്‍ച്ചിയും തമ്മിലുള്ള ഇടപാടിലെ ഇടനിലക്കാരനായാണ് ബിന്ദ്ര പ്രവര്‍ത്തിച്ചിരുന്നത്.

വിവിധ ട്രസ്റ്റുകളില്‍ നിന്നും വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബി ജെ പി നിരന്തരം ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരൊറ്റ കമ്പനിയില്‍ നിന്ന് ഇത്രയും പണം കൈപ്പറ്റുന്നത് ഇതാദ്യമായാണ്. മിര്‍ച്ചിയുടെ സ്വത്തുവഹകള്‍ വാങ്ങിയ സണ്‍ബ്ലിങ്ക് റിയല്‍ എസ്റ്റേറ്റ് എന്ന കമ്പനി പൊതു ഡയറക്ടര്‍ മുഖാന്തിരമാണ് ആര്‍ കെ ഡബ്ല്യു ഡവലപ്പേഴ്‌സുമായി ബന്ധിപ്പിച്ചിരുന്നത്. ഈ കമ്പനിയില്‍ നിന്നും രണ്ടു കോടി രൂപയും സംഭാവനയായി ബി ജെ പി സ്വീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

സണ്‍ബ്ലിങ്ക് ഡയറക്ടറായ മെഹുല്‍ അനില്‍ ബാവിഷി എന്നയാള്‍ സ്‌കില്‍ റിയല്‍റ്റേഴ്‌സ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ്. 2014-15ല്‍ സ്‌കില്‍ റിയല്‍റ്റേഴ്‌സില്‍ നിന്ന് രണ്ടുകോടി രൂപയും സ്വീകരിച്ചു. ആര്‍ കെ ഡബ്ല്യു ഡെവലപ്പേഴ്‌സിന്റെ ഡയറക്ടര്‍ പ്ലാസിഡ് ജേക്കബ് നെറോണ മറ്റൊരു കമ്പനിയായ ദര്‍ശന്‍ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെയും ഡയറക്ടറാണ്. 2016-17ല്‍ ഏഴര കോടി രൂപയാണ് ദര്‍ശന്‍ ബി ജെ പിക്കു നല്‍കിയിട്ടുള്ളത്. കേസില്‍ നെറോണയുടെ പങ്കും ഇ ഡി അന്വേഷിച്ചു വരികയാണ്.

മിര്‍ച്ചിയുടെ സ്വത്ത് ആര്‍ കെ ഡബ്ല്യു ഡെലപ്പേഴ്‌സ് വാങ്ങിയതില്‍ 30 കോടി രൂപ രഞ്ജിത് ബിന്ദ്ര കമ്മീഷന്‍ കൈപ്പറ്റിയതായും ഇ ഡി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആര്‍ കെ ഡബ്ല്യു ഡെവലപ്പേഴ്‌സുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് സിനിമാ താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ആര്‍ കെ ഡബ്ല്യു ഡെവലപ്പേഴ്‌സുമായി ഇടപാടുകള്‍ നടത്തുന്ന എസന്‍ഷ്യല്‍ ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഷെട്ടി.

ഇഖ്ബാല്‍ മിര്‍ച്ചി കേസ് മഹാരാഷ്ട്ര നിയമസയിലേക്കു കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ കത്തിനിന്ന വിഷയമായിരുന്നു. മിര്‍ച്ചി, എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മില്ലേനിയം ഡെവലപ്പേഴ്‌സ്, സണ്‍ബ്ലിങ്ക് എന്നിവര്‍ തമ്മില്‍ അനധികൃത ഇടപാടുകള്‍ നടന്നതായും ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിനു പിന്നാലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി പട്ടേലിനെ ചോദ്യം ചെയ്യുകയും ബിന്ദ്ര ഉള്‍പ്പടെ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ പട്ടേല്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്.

മിര്‍ച്ചിയുടെ സ്വത്തുക്കള്‍ സണ്‍ബ്ലിങ്കിനു വിറ്റതില്‍ മിര്‍ച്ചിയുടെ ഭാര്യാ സഹോദരന്‍ മുക്താര്‍ മേമനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം സണ്‍ബ്ലിങ്കിന് 2186 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് ഡി എച്ച് എഫ് എല്ലിന്റെ 14 സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തുകയുണ്ടായി.

---- facebook comment plugin here -----

Latest