Connect with us

Editorial

ഇലക്ടറല്‍ ബോണ്ട് അഴിമതി സുതാര്യമാക്കും

Published

|

Last Updated

രാഷ്ട്രീയ കക്ഷികള്‍ സംഭാവന സ്വീകരിക്കുന്നതില്‍ സുതാര്യത ഉറപ്പ് വരുത്താനെന്ന പേരില്‍ ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ട്. 2017ല്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കൊണ്ടു വന്ന ഈ പദ്ധതി പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം സുതാര്യമാക്കുകയല്ല കൂടുതല്‍ നിഗൂഢമാക്കുകയാണ് ചെയ്യുകയെന്നു പ്രതിപക്ഷ കക്ഷികള്‍ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍.

തിരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബേങ്കും ഈ പദ്ധതിക്ക് എതിരായിരുന്നുവെന്നും അവരുടെ വിയോജിപ്പ് അവഗണിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നും വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തു വരികയുണ്ടായി. കോര്‍പറേഷനുകള്‍ക്കോ എന്‍ ജി ഒകള്‍ക്കോ ട്രസ്റ്റുകള്‍ക്കോ വ്യക്തികള്‍ക്കോ കണക്കില്ലാത്ത സംഖ്യകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ അനുവദിക്കുന്ന സംവിധാനമാണിത്. എത്ര പണം ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി എന്ന് വെളിപ്പെടുത്തേണ്ടതില്ല. ഈ വ്യവസ്ഥകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമവിരുദ്ധമായി വിദേശ ഫണ്ടുകള്‍ സ്വീകരിക്കാനും ഒളിച്ചുകടത്താനും വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി 2017 മെയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കടലാസ് സ്ഥാപനങ്ങള്‍ക്ക് കള്ളപ്പണം തിരഞ്ഞെടുപ്പ് ഫണ്ടുകളിലേക്ക് ഒഴുക്കാനും അതിന്റെ സ്രോതസ്സുകള്‍ വെളിപ്പെടുത്താതെ രക്ഷപ്പെടാനും വഴിയൊരുക്കുമെന്നും കമ്മീഷന്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഈ സംവിധാനവും ഫണ്ടിംഗിലെ സുതാര്യത ഇല്ലാതാക്കുന്ന മറ്റു നിയമ മാറ്റങ്ങളും തിരുത്തണമെന്നും കമ്മീഷന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കമ്പനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ അവസരമൊരുക്കുമെന്ന ആശങ്കയും കമ്മീഷന്‍ ഉയര്‍ത്തി. ഇലക്ടറല്‍ ബോണ്ട് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നായിരുന്നു റിസര്‍വ് ബേങ്കിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഈ വിയോജിപ്പുകളെ മറച്ചു വെച്ചാണ് ലോക്‌സഭയില്‍ ഇതുസംബന്ധിച്ച ബില്‍ പാസ്സാക്കിയത്.

ഇലക്ടറല്‍ ബോണ്ട് രാഷ്ട്രീയ അഴിമതിയെ നിയമപരമാക്കാനും അഴിമതി വര്‍ധിക്കാനും ഇടയാക്കുമെന്നു പല പ്രതിപക്ഷ പാര്‍ട്ടികളും ചൂണ്ടിക്കാട്ടുകയും ഇതിനെതിരെ അവര്‍ കോടതി കയറുകയും ചെയ്തു. ധനകാര്യ മന്ത്രാലയത്തിന് മുമ്പാകെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉയര്‍ത്തിയ എതിര്‍പ്പുകളെ സംബന്ധിച്ച് പൂര്‍ണ ബോധ്യം ഉണ്ടായിരുന്നതായി മന്ത്രാലയത്തിലെയും ഇലക‌്ഷന്‍ കമ്മീഷനിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ രേഖകളും മറ്റു വിനിമയ രേഖകളും വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ചുളുവില്‍ പാസ്സാക്കുകയായിരുന്നു സര്‍ക്കാര്‍ ഇതുസംബന്ധിച്ച ബില്‍.
ഈ വിവാദ ബില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിലെത്തിയാല്‍ പരാജയപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് ധനബില്‍ വഴിയാണ് അതിന്റെ നിയമ വ്യവസ്ഥകള്‍ പാര്‍ലിമെന്റില്‍ കൊണ്ടുവന്നത്. ധനബില്ലുകള്‍ക്ക് രാജ്യസഭയുടെ അനുമതി ആവശ്യമില്ല. ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളുടെ പോലും എതിര്‍പ്പും താക്കീതും വകവെക്കാതെ സര്‍ക്കാര്‍ എന്തിനായിരുന്നു ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നതെന്ന് ഈ സംവിധാനം വഴി വിവിധ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്കുകളില്‍ നിന്ന് ബോധ്യമാകും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സമാഹരിച്ച രേഖകള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ടുകളുടെ ആദ്യ വിഹിതത്തിന്റെ 95 ശതമാനം പങ്കും എത്തിയത് ബി ജെ പിയുടെ ഖജനാവിലേക്കാണ്. കഴിഞ്ഞ വര്‍ഷം സമാഹരിക്കപ്പെട്ട തുകയില്‍ 90 ശതമാനം ലഭിച്ചതും ബി ജെ പിക്കു തന്നെ.

സംഭാവന നല്‍കിയവരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന വ്യവസ്ഥ ഭരണകക്ഷിക്കാണ് ഗുണം ചെയ്യുക. സംഭാവന നല്‍കിയത് ആരെല്ലാമെന്നും ഏത് പാര്‍ട്ടിക്കാണെന്നും പൊതു സമൂഹത്തിനും രാഷ്ട്രീയ കക്ഷികള്‍ക്കും അറിയില്ലെങ്കിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാറിന് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയവരെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും. സ്‌റ്റേറ്റ് ബേങ്കാണ് ബോണ്ട് ഇറക്കുന്നത്. ബേങ്കിനു പുറമെ ആദായ നികുതി അധികൃതര്‍ക്കും ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. സ്റ്റേറ്റ് ബേങ്കിനെയും ആദായ നികുതി വകുപ്പിനെയും നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാറായതിനാല്‍ സംഭാവന നല്‍കുന്നവര്‍ കൂടുതല്‍ തുക ഭരണകക്ഷിക്ക് നല്‍കി അവരെ പ്രീതിപ്പെടുത്താന്‍ നിര്‍ബന്ധിതരാകും. ഇല്ലെങ്കില്‍ അന്വേഷണ ഏജന്‍സികളില്‍ നിന്ന് അവര്‍ക്ക് പല ഭീഷണികളും നേരിടേണ്ടി വന്നേക്കാം. പ്രതിപക്ഷത്തിന് വലിയ തോതില്‍ സംഭാവന നല്‍കി സര്‍ക്കാറിന്റെ അനിഷ്ടത്തിനു വിധേയമാകാന്‍ ആരും മുന്നോട്ട് വരികയില്ലല്ലോ. മൊത്തം തുകയുടെ 95 ശതമാനവും ബി ജെ പിക്ക് നല്‍കാന്‍ കോര്‍പറേറ്റുകള്‍ക്കും കമ്പനികള്‍ക്കും പ്രേരണ ഇതായിരിക്കണം. പാര്‍ട്ടി ഫണ്ടുകളിലെ സുതാര്യതയല്ല, അഴിമതിയിലെ സുതാര്യതയാണ് ഇതുവഴി സാധ്യമാകുന്നത്.

ആദര്‍ശാധിഷ്ഠിത രാഷ്ട്രീയത്തിന് പകരം പണാധിപത്യ രാഷ്ട്രീയമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനവിധിയല്ല, പണച്ചാക്കുകളാണ് അധികാരത്തിലേക്കുള്ള ദിശ നിര്‍ണയിക്കുന്നത്. ജനപ്രതിനിധികളെ വിലക്കെടുത്തും ഭൂരിപക്ഷമുള്ള ഭരണകൂടങ്ങളെ മറിച്ചിട്ടും അധികാരം കൈക്കലാക്കുന്ന ദുഷ്പ്രവണത വര്‍ധിച്ചു വരികയാണ്. ഇക്കാര്യത്തില്‍ മറ്റാരേക്കാളും ബി ജെ പിയാണ് മുന്നില്‍. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷമില്ലാത്ത ഭരണമെന്നതാണ് അവരുടെ നയം തന്നെ. ഇത്തരം നെറികെട്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് പാര്‍ട്ടി ഫണ്ടില്‍ പണം ധാരാളം വേണം. അതിനായി ആവിഷ്‌കരിച്ച ഗൂഢ പദ്ധതിയാണോ ഇലക്ടറല്‍ ബോണ്ട് എന്നു സംശയിക്കേണ്ടിടത്താണിപ്പോള്‍ കാര്യങ്ങള്‍. വിദേശങ്ങളിലെ കള്ളപ്പണം തിരികെ കൊണ്ടുവന്ന് അതിന്റെ വിഹിതം രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടുകളിലെത്തിക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഒരു പാര്‍ട്ടി കള്ളപ്പണം ചുളുവില്‍ വെളുപ്പിക്കാനുള്ള ഇത്തരമൊരു പദ്ധതി കൊണ്ടുവന്നത് എത്ര പരിഹാസ്യം.

Latest