മകള്‍ക്ക് പാമ്പ് കടിയേറ്റത് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞില്ലെന്ന് ഷഹ്ലയുടെ പിതാവ്

Posted on: November 21, 2019 7:20 pm | Last updated: November 21, 2019 at 7:20 pm

സുല്‍ത്താന്‍ ബത്തേരി: കുഴിയില്‍ കാല് കുടുങ്ങിയതിനാല്‍ മകളുടെ കാലിന് ചെറിയ മുറിവേറ്റുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ തന്നോട് പറഞ്ഞതെന്ന് സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ പിതാവ് അസീസ്. മൂന്ന് മണിക്ക് നടന്ന സംഭവം 3.36നാണ് തന്നെ വിളിച്ച് അറിയിച്ചത്. കുട്ടിയുടെ കാല് കുടുങ്ങിയ സ്ഥലം ഹെഡ്മാസ്റ്റര്‍ കാണിച്ചു തന്നു. എന്നാല്‍ മകള്‍ക്ക് പാമ്പ് കടിയേറ്റെന്ന് ആരും പറഞ്ഞില്ലെന്നും അസീസ് പ്രതികരിച്ചു. അധികൃതരുടെ അനാസ്ഥ മൂലമാണ് വിദ്യാര്‍ഥിനി മരിക്കാന്‍ ഇടയായത് എന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ് അസീസിന്റെ വെളിപ്പെടുത്തല്‍.

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കലക്ടര്‍, പോലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. സ്‌കൂളില്‍നിന്ന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് താലൂക്ക് ആശുപത്രിയില്‍നിന്ന് ആന്റിവെനം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നുവരികയാണ്. വീഴ്ച വരുത്തിയ അധ്യാപകന്‍ ഷിജിലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് വിദ്യാഭ്യാസ വകുപ്പ്  നടപടി സ്വീകരിച്ചിട്ടുണ്ട്. ഷഹ്‌ലയുടെ മരണത്തില്‍ വലിയ പ്രതിഷേധമാണ് ഇന്ന് സ്‌കൂള്‍ പരിസരത്തുണ്ടായത്.

അതിനിടെ ഷഹ്ലയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വയനാട് എം പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു.