Connect with us

Kerala

വാളയാറിലെ വീഴ്ച പരിശോധിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരികളെ പീഡിപ്പിച്ച കൊലപ്പെടുത്തിയ പ്രതികള്‍ രക്ഷപ്പെടാനിടയായ വീഴ്ച പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പോലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ചകള്‍ പരിശോധിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ് ഹനീഫക്കാണ് അന്വേഷണ ചുമതല. എന്നാല്‍ കമ്മീഷന്റെ കാലയളവ് നിശ്ചയിച്ചിട്ടില്ല. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തോട് താത്പര്യമില്ലെന്ന് പെണ്‍കുട്ടികളുടെ മാതാവ് പ്രതികരിച്ചു. സി ബി ഐ അന്വേഷണമാണ് വേണ്ടത്. പോലീസിന്റെ വീഴ്ച പരിശോധിച്ചതുകൊണ്ട് പ്രതികളെ പിടിക്കാനാകില്ല. കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടണം. ഇതിന് വേണ്ട നടപടിയാണ് വേണ്ടതെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

പ്രതികള്‍ എങ്ങനെ കുറ്റവിമുക്തരായി എന്നത് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. കേസിലെ പ്രതികളെല്ലാം കുറ്റവിമുക്തരാകാന്‍ ഇടയായതിനു പിന്നില്‍ കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടികളിലുമുണ്ടായ വീഴ്ചയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. പോലീസിന്റെ വീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ തൃശ്ശൂര്‍ റേഞ്ച് ഡിഐജി കെസുരേന്ദ്രനോടും നിര്‍ദേശിച്ചിരുന്നു.

അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടികളിലും വീഴ്ച സംഭവിച്ചതായി കാട്ടി ഇവര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.