Connect with us

Kerala

വാളയാര്‍: സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; പ്രതികള്‍ക്ക് നോട്ടീസ് അയക്കും

Published

|

Last Updated

തിരുവനന്തപുരം: പാലക്കാട് വാളയാറിലെ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ നാല് പ്രതികള്‍ക്കും നോട്ടീസ് അയക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടിയിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുനര്‍ വിചാരണ ആവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ മാതാവും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പാലക്കാട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ലത ജയരാജനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പി സുബ്രഹ്മണ്യനെ ബുധനാഴ്ച നിയമിക്കുകയും ചെയ്തു. പ്രധാനമായും പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാനാണ് നിലവിലെ പാനലിലുള്ള സുബ്രഹ്മണ്യനെ പുതിയ പ്രോസിക്യൂട്ടറായി അടിയന്തരമായി നിയമിച്ച് ഉത്തരവ് ഇറക്കിയത്. ലത ജയരാജനെ മാറ്റിയതിനു പുറമെ, കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Latest