ജെ എന്‍ യുവിനെ എന്തിനാണ് ഉടച്ച് കളയുന്നത്?

നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ മൂല്യമുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര യൂനിവേഴ്സിറ്റികളില്‍ ഒന്നാണ് ജെ എന്‍ യു. എന്നാല്‍ ഇനി അങ്ങനെ ആയിരിക്കില്ല എന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.
Posted on: November 20, 2019 11:19 am | Last updated: November 20, 2019 at 11:19 am

ജെ എന്‍ യു (ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി) ഒരു സമര കാലത്തിലൂടെ കൂടി കടന്നു പോകുകയാണ്. പോരാട്ടങ്ങളും സമരങ്ങളും ജെ എന്‍ യുവിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ല. മുഖ്യധാരാ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ വളരെ ഗൗരവതരമായി ചര്‍ച്ച ചെയ്തും അപഗ്രഥിച്ചുമാണ് ജെ എന്‍ യു അതിന്റെ വ്യക്തിത്വം രൂപപ്പെടുത്തിയെടുത്തത്. അടിയന്തരാവസ്ഥ, സിഖ് കലാപം, അഫ്‌സല്‍ ഗുരു തുടങ്ങി മുഖ്യധാരാ രാഷ്ട്രീയ പ്രശ്‌നങ്ങളെ ധൈര്യപൂര്‍വം ചര്‍ച്ച ചെയ്തും സംവാദങ്ങള്‍ സംഘടിപ്പിച്ചുമാണ് ജെ എന്‍ യു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്.

എന്നാല്‍, ജെ എന്‍ യുവിന്റെ അന്തഃസ്സത്തയും ആത്മാവും നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള പോരാട്ടം എന്ന നിലയില്‍ നിലവിലെ സമരത്തെ വേറിട്ട് തന്നെ കാണേണ്ടതാണ്. 1965ല്‍ ജെ എന്‍ യു സ്ഥാപിക്കുന്നതിനുള്ള ബില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചചെയ്യവേ അന്നത്തെ എം പി ആയിരുന്ന ഭൂഷണ്‍ ഗുപ്ത മുന്നോട്ടുവെച്ച ഒരു പ്രധാന നിര്‍ദേശം ആയിരുന്നു ജെ എന്‍ യു കേവലം മറ്റൊരു യൂനിവേഴ്‌സിറ്റി ആകരുത് എന്നത്. മറിച്ച് മാനവ വിഷയങ്ങള്‍ക്ക് പ്രാധാന്യവും ബൗദ്ധിക ചര്‍ച്ചകള്‍ക്ക് വേണ്ടത്ര ഇടവും നല്‍കുന്നതോടൊപ്പം, സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് കൂടി പ്രാപ്യമാകുന്ന രീതിയില്‍ ആയിരിക്കണം ജെ എന്‍ യുവിനെ സംവിധാനിക്കേണ്ടത് എന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച സുപ്രധാന നിര്‍ദേശം.
നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ മൂല്യമുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര യൂനിവേഴ്‌സിറ്റികളില്‍ ഒന്നാണ് ജെ എന്‍ യു. എന്നാല്‍ ഇനി അങ്ങനെ ആയിരിക്കില്ല എന്നതാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 28ന് പ്രാഥമിക തലത്തില്‍ പാസ്സായ പുതിയ ഹോസ്റ്റല്‍ മാന്വല്‍ ആണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതുപ്രകാരം, മെസ്സ് ബില്ലിനും അനുബന്ധ ചെലവുകള്‍ക്കും പുറമേ, പുതുതായി നിലവില്‍ വരുന്ന “യൂട്ടിലിറ്റി ചാര്‍ജ്’, “സര്‍വീസ് ചാര്‍ജ്’ എന്നിവ കൂടി വിദ്യാര്‍ഥികള്‍ നല്‍കേണ്ടിവരും.

യൂനിവേഴ്‌സിറ്റി നല്‍കുന്ന വെള്ളത്തിനും വൈദ്യുതിക്കും അവയുടെ ബില്‍ അനുസരിച്ച് നല്‍കേണ്ടിവരുന്ന ചെലവാണ് യൂട്ടിലിറ്റി ചാര്‍ജ്. മെസ്സ് ജീവനക്കാരുടെ വേതനത്തിനും അനുബന്ധ ചെലവുകള്‍ക്കും ആണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. നിലവില്‍ ഒരു മാസം 3,000 രൂപയോളം വിദ്യാര്‍ഥികള്‍ക്ക് ചെലവ് വരുന്നുണ്ട്. എന്നാല്‍ പുതിയ നിര്‍ദേശത്തോടെ വിദ്യാര്‍ഥികളുടെ മാസ ചെലവ് ഏഴായിരത്തോളം രൂപയാകും. സാമ്പത്തികമായി നന്നേ പിന്നാക്ക പശ്ചാത്തലത്തില്‍ നിന്ന് വരുന്ന 40 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്ക് വഹിക്കാകുന്നതിലും അപ്പുറമാണ് ഈ ഫീസ് വര്‍ധന. പലര്‍ക്കും പഠിത്തം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകും.
യൂനിവേഴ്‌സിറ്റിയുടെ ജനാധിപത്യ സംവിധാനങ്ങളെ ഹൈജാക്ക് ചെയ്ത് നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ജെ എന്‍ യു വൈസ് ചാന്‍സലറുടെ പ്രവര്‍ത്തന രീതികള്‍ മുമ്പും വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദി ഭരണകൂടത്തിന്റെ സ്വകാര്യവത്കരണ നയങ്ങളാണ് പ്രശ്‌നങ്ങളുടെ പ്രഥമ ഹേതുവായി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസത്തിനായുള്ള വകയിരുത്തല്‍ കൃത്യമായ ശരാശരിയില്‍ കുറഞ്ഞു വരുന്നതായി കാണാം. ജെ എന്‍ യു യൂനിവേഴ്‌സിറ്റിക്ക് നല്‍കിക്കൊണ്ടിരുന്ന ഗ്രാന്റിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജെ എന്‍ യു ഭരണകൂടം വിദ്യാര്‍ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള പണം അവരില്‍ നിന്നു തന്നെ ഈടാക്കണം എന്ന തീരുമാനത്തില്‍ എത്തുന്നത്. സ്വകാര്യവത്കരണത്തിനും സ്വാശ്രയ വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം ഈ സാഹചര്യത്തില്‍ വളരെ ആശങ്കയോടു കൂടി തന്നെ നോക്കി കാണേണ്ടതുണ്ട്.

വി സിയും ഭരണ സമിതിയും മുന്‍ഗണനാ ക്രമത്തില്‍ വരുത്തുന്ന മാറ്റവും പിടിപ്പുകേടുമാണ് ജെ എന്‍ യുവിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം എന്നാണ് വിദ്യാര്‍ഥി യൂനിയനും ടീച്ചേഴ്‌സ് അസോസിയേഷനും പ്രധാനമായും ആരോപിക്കുന്നത്. യൂനിവേഴ്‌സിറ്റി പ്രവേശന പരീക്ഷ നടത്താന്‍ നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ)യെ ഏല്‍പ്പിച്ചതും, വലിയ ചെലവില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ നിര്‍മിച്ചതും, സെക്യൂരിറ്റി ഗാര്‍ഡ് കോണ്‍ട്രാക്ട് പുതിയ ഏജന്‍സിയെ ഏല്‍പ്പിച്ചതും ഭീമമായ ചെലവ് യൂനിവേഴ്‌സിറ്റിക്ക് വരുത്തിവെച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന ആവശ്യങ്ങളായ ലൈബ്രറി, ഹോസ്റ്റല്‍ സംവിധാനം പോലുള്ളവക്ക് ആവശ്യമായ ബജറ്റ് വകയിരുത്തുന്നതില്‍ ഗണ്യമായ വെട്ടിക്കുറവ് നടത്തുകയും ചെയ്തു.

വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുകയും ഭരണകൂടം അതിന്റെ അടിസ്ഥാന ഉത്തരവാദിത്വത്തില്‍ നിന്ന് കൈയൊഴിയുകയും ചെയ്യുന്ന പ്രവണതയാണ് മോദി യുഗത്തില്‍ ശക്തിപ്പെട്ടു വരുന്നത്. എതിര്‍പ്പിന്റെയും പ്രതിരോധത്തിന്റെയും ശബ്ദം ഇതിനെതിരില്‍ ഉയര്‍ന്നുവരുന്നില്ല എന്നതാണ് കൂടുതല്‍ ആശങ്ക. മോദി ഭക്തിയില്‍ അന്ധത ബാധിച്ച ബഹുഭൂരിപക്ഷവും, നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യപ്പെടും എന്ന് ഭയപ്പെടുന്ന ന്യൂനപക്ഷവും ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദിക്കാന്‍ ഭയപ്പെടുന്നിടത്താണ് പ്രതിരോധത്തിന്റെ അണയാത്ത ഒരു തുരുത്തായി ജെ എന്‍ യുവിനെ അടയാളപ്പെടുത്തപ്പെടേണ്ടത്. അതുകൊണ്ടായിരിക്കണം സര്‍ക്കാറും മീഡിയയും ഇതര ഭരണകൂട സംവിധാനങ്ങളും ഭരണകൂട അനുകൂല രാഷ്ട്രീയ പാര്‍ട്ടികളും ജെ എന്‍ യുവിനെ ഉടച്ചുവാര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. പക്ഷേ, പൂന്തോട്ടങ്ങള്‍ കരിച്ചു കളഞ്ഞാലും വസന്തം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(ജെ എന്‍ യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)

സുബൈര്‍ അംജദി പി എം
[email protected]