Connect with us

International

ഇന്ദിരാ ഗാന്ധി സമാധാന പുരസ്‌കാരം ഡേവിഡ് ആറ്റന്‍ബറോക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഇത്തവണത്തെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്‌കാരം ബി ബി സി പ്രക്ഷേപകനും പ്രകൃതി ശാസ്ത്രജ്ഞുമായ ഡേവിഡ് ആറ്റന്‍ബറോക്ക്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര ജൂറിയാണ് 2019ലെ പുരസ്‌കാരത്തിനായി ആറ്റന്‍ബറോയെ തിരഞ്ഞെടുത്തത്. സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

പ്രകൃതി വിസ്മയങ്ങളെ എല്ലാവര്‍ക്കും പരിചയപ്പെടുത്താന്‍ ജീവിതം സമര്‍പ്പിച്ചയാളും ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ വ്യക്തിയുമാണ് ആറ്റന്‍ബറോയെന്ന് ജൂറി വിലയിരുത്തി. 1979 ല്‍ ബി ബി സിക്ക് വേണ്ടി ആറ്റന്‍ബറോ തയാറാക്കിയ “ലൈഫ് ഓണ്‍ എര്‍ത്ത്” എന്ന പരമ്പര ലോകപ്രശസ്തമാണ്.

“ലിവിംഗ് പ്ലാനറ്റ്: എ പോര്‍ട്രെയ്റ്റ് ഓഫ് ദി എര്‍ത്ത്” (1984), അന്റാര്‍ട്ടിക്കയിലെ ജീവലോകത്തെ ആദ്യമായി ചിത്രീകരിച്ച “ലൈഫ് ഇന്‍ ദി ഫ്രീസര്‍” (1993), “ദി ലൈഫ് ഓഫ് ബേര്‍ഡ്സ്” (1998), “ദി ലൈഫ് ഓഫ് മാമല്‍സ്” (2002), “ദി പ്രൈവറ്റ് ലൈഫ് ഓഫ് പ്ലാന്റ്‌സ്” (1995) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റു ഡോക്യുമെന്ററികളാണ്. സര്‍ പദവിയും ലണ്ടന്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പും ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ ആറ്റന്‍ബറോയെ തേടിയെത്തിയിട്ടുണ്ട്.

Latest