Connect with us

National

ഗുര്‍ദാസ്പൂര്‍ ശിരോമണി അകാലിദള്‍ ഉപാധ്യക്ഷനെ കൊലപ്പെടുത്തി; കാലുകള്‍ വെട്ടിമാറ്റി

Published

|

Last Updated

ബട്ടാല: പഞ്ചാബില്‍ ഗുര്‍ദാസ്പൂര്‍ ശിരോമണി അകാലിദളിന്റെ ഉപാധ്യക്ഷന്‍ ധല്‍ബീര്‍ സിംഗിനെ (55) വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കാലുകള്‍ വെട്ടിമാറ്റി. കോഴി വളര്‍ത്തു കേന്ദ്രം നടത്തുന്ന ബല്‍വീന്ദര്‍ സിംഗും മക്കളുമാണ് കൃത്യം നടത്തിയത്. ബട്ടാല പട്ടണത്തിനു 25 കിലോമീറ്റര്‍ അകലെയുള്ള ദില്‍വന്‍ ഗ്രാമത്തിലാണ് സംഭവം. ബല്‍വീന്ദറും പ്രദേശവാസിയായ മറ്റൊരാളും തമ്മിലുള്ള തര്‍ക്കത്തില്‍ ധല്‍ബീര്‍ ഇടപെട്ടതാണ് കൊലപാതകത്തിലേക്കു നയിച്ചത്.

തിങ്കളാഴ്ച രാത്രി പത്തോടെ ബല്‍വീന്ദര്‍ സിംഗ് (55), മക്കളായ മേജര്‍ സിംഗ് (25), മന്ദീപ് സിംഗ് (24) എന്നിവരും മറ്റ് ആറുപേരുമടങ്ങുന്ന സംഘം ധല്‍ബീറിന്റെ വീട്ടിലേക്കു അതിക്രമിച്ചു കയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മേജറും മന്ദീപുമാണ് ധല്‍ബീറിനു നേരെ തുരുതുരാ നിറയൊഴിച്ചത്. 12 ബുള്ളറ്റുകളാണ് ശരീരത്തില്‍ തുളഞ്ഞുകയറിയത്. തുടര്‍ന്ന് ധല്‍ബീറിന്റെ കാലുകള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ബല്‍വീന്ദര്‍ വെട്ടിയെടുക്കുകയും കൂടുതല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

മുന്‍ ഗ്രാമത്തലവന്‍ കൂടിയായ ധല്‍ബീര്‍, ബല്‍വീന്ദറും പ്രദേശത്തുകാരനായ മറ്റൊരാളും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നതായി ഗ്രാമവാസികളില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍ വിരോധം മൂത്ത ബല്‍വീന്ദറും സംഘവും ധല്‍ബീറിന്റെ വീട്ടിലെത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളായ ഒമ്പതു പേര്‍ക്കുമായി തിരച്ചില്‍ നടന്നുവരികയാണെന്നും ബട്ടാല പോലീസ് സൂപ്രണ്ട് ഒ പി ഇന്ദര്‍ജീത് സിംഗ് ഗുമ്മന്‍ പറഞ്ഞു.