Connect with us

Eranakulam

സംസ്ഥാനത്ത് വാഹന അപകട നിരക്ക് കുത്തനെ കൂടി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് ദിവസം ശരാശരി നൂറ് റോഡപകടങ്ങൾ നടക്കുന്നതായി മോട്ടോർവാഹന വകുപ്പിന്റെ വിലയിരുത്തൽ. അപകടങ്ങളിൽ നല്ലൊരു പങ്കും വൈകീട്ട് ആറിന് ശേഷമാണെന്ന് അപകടങ്ങളുടെ സ്വഭാവം വിലയിരുത്തി പോലീസും ചൂണ്ടിക്കാട്ടുന്നു. 2018 ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 40,181 വാഹനാപകടങ്ങളാണ്. 2017ൽ ഇത് 38,470 ആയിരുന്നു. 2019 സെപ്തംബർ വരെ 37,884 ആണ് അപകട നിരക്ക്. ഈ വർഷം അപകടങ്ങളിൽ 3,375 പേർ മരിച്ചു. കഴിഞ്ഞ സെപ്തംബറിൽ മാത്രം 323 പേരുടെ ജിവനാണ് പൊലിഞ്ഞത്.

924 പേർ ദേശീയപാതയിലും 740 പേർ സംസ്ഥാനപാതയിലുമാണ് മരിച്ചത്. മറ്റു റോഡുകളിൽ വെച്ച് 1,711 പേരും മരിച്ചു. ഡ്രൈവർമാരുടെ അശ്രദ്ധ കൊണ്ട് മാത്രം 2,349 പേരാണ് മരണപ്പെട്ടത്.
മദ്യപിച്ച് ലക്ക് കെട്ട് വാഹനമോടിച്ച ഡ്രൈവർമാർ 16 പേരെയാണ് ഒമ്പത് മാസത്തിനുള്ളിൽ കൊലപ്പെടുത്തിയത്.
കാറപകടത്തിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. 666 പേരുടെ ജീവനുകളാണ് ഇത്തരം അപകടങ്ങളിൽ പൊലിഞ്ഞത്.

അലക്ഷ്യവും അശ്രദ്ധവും മദ്യപിച്ചതുമായ ഡ്രൈവിംഗ്, അമിതവേഗത, റോഡിൽ ഇരുചക്ര വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങൾ, ഫോണിൽ സംസാരിച്ച് കൊണ്ട് വാഹനം ഓടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്രചെയ്യുക, ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര എന്നിവയൊക്കെയാണ് റോഡ് അപകടങ്ങളും നിരത്തിലെ മരണസംഖ്യയും വർധിക്കുന്നതിന് കാരണം.