Connect with us

Ongoing News

പ്രവാചകരുടെ വഴി, നമ്മുടെയും

Published

|

Last Updated

മുസ്‌ലിം സമുദായം ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു സന്ദർഭമാണിത്. ഫലസ്തീൻ, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ, യമൻ തുടങ്ങി ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രങ്ങളായിരുന്ന ദേശങ്ങൾ ഇന്ന് യുദ്ധക്കെടുതിയിൽ അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഇവയിൽ ചില രാജ്യങ്ങളിലൂടെ നടത്തിയ യാത്ര മനസ്സിനെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്. അഭയാർഥി ക്യാമ്പുകളും തകർന്നു കിടക്കുന്ന കെട്ടിടങ്ങളുമാണ് അവിടങ്ങളിൽ കാണാൻ കഴിഞ്ഞത്. നൂല് പൊട്ടിയ പട്ടം പോലെയാണ് പ്രസ്തുത രാജ്യങ്ങളിലെ മുസ്‌ലിം സഹോദരങ്ങളിൽ പലരുടെയും ജീവിതം.

ഇന്ത്യൻ മുസ്‌ലിംകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കശ്മീരും അസമും അയോധ്യയുമെല്ലാം നമ്മുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചിരിക്കുന്നു. അതിജീവനത്തെ കുറിച്ച് സഗൗരവം ആലോചിക്കേണ്ട അവസരമാണിത്. മതകീയ സ്വത്വത്തെ ഉയർത്തിപ്പിടിച്ചു കൊണ്ടുതന്നെയാണ് നാം ഈ പ്രതിസന്ധിയെ മറികടക്കേണ്ടത്. മുത്ത് നബി(സ)യുടെ ജീവിത പരിസരം സൂക്ഷ്മമായി അപഗ്രഥനം ചെയ്താൽ നമുക്കീ വസ്തുത പകൽ വെളിച്ചം പോലെ വ്യക്തമാവും. വ്യക്തിഹത്യ, പീഡനം, ബഹിഷ്‌കരണം, നിർബന്ധിത പലായനം തുടങ്ങി നബി(സ)യും അനുയായികളും അഭിമുഖീകരിച്ച പ്രതിസന്ധികൾ പലതായിരുന്നു. എന്നിട്ടും പ്രവാചകർ പതറിയില്ല. സംയമനത്തോടെയും സമചിത്തതയോടെയും അവിടുന്ന് വെല്ലുവിളികളെ അഭിമുഖീകരിച്ചു.

ഒരിക്കൽ അവിടുന്ന് കഅ്ബയുടെ തണലിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഏതാനും വിശ്വാസികൾ സമീപിച്ച് പരാതി ബോധിപ്പിക്കുന്നത്. “അന്ത്യപ്രവാചകരേ, ഇത്രയും പ്രതിസന്ധികൾ അനുഭവിച്ചിട്ടും നിങ്ങളെന്താണ് ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കാത്തത്”. അവിടുത്തെ പ്രതികരണം ഇങ്ങനെയായിരുന്നു. ” മുൻഗാമികൾ സഹിച്ച ത്യാഗത്തിന്റെ തീവ്രത അറിയുമോ നിങ്ങൾക്ക്? ഒരു കുഴിയുണ്ടാക്കി അതിലേക്ക് ആളുകളെ പിടിച്ചിറക്കും. ശേഷം ശിരസ്സ് മുതൽ പാദം വരെ വാളു കൊണ്ട് രണ്ടായി മുറിക്കും. ചിലപ്പോൾ ഇരുമ്പ് ചീർപ്പ് കൊണ്ട് ശരീരത്തിൽ ചീകി മാംസവും അസ്ഥിയും വേർപിരിക്കും. അത്തരം ക്രൂരതകൾക്കിരയായിട്ടും അവരെ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശത്രുക്കൾക്ക് സാധിച്ചിരുന്നില്ല” (ബുഖാരി).
ഭൗതിക സംവിധാനങ്ങൾക്കും ഉപരിയാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ ആത്മീയതയുടെ സ്ഥാനം. ആത്മീയ രഹിതമായ ഏതൊരു വ്യവസ്ഥക്കും അൽപായുസ്സ് മാത്രമേയുള്ളൂ. അല്ലാഹുവല്ലാതെ മറ്റൊന്നിനെയും ഭയക്കുന്നവരാകരുത് വിശ്വാസികൾ. പ്രതിസന്ധികളെ വിശ്വാസം കൊണ്ട് പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം. അതുകൊണ്ടാണല്ലോ സങ്കടഹരജിയുമായി വന്ന അനുയായികൾക്ക് അവിടുന്ന് ക്ഷമയുടെ അധ്യാപനങ്ങൾ പകർന്നു നൽകിയത്.

നബി(സ) പറയുന്നു: അല്ലാഹു ഒരു അടിമക്ക് നന്മ ഉദ്ദേശിച്ചാൽ ഭൗതിക ലോകത്ത് അയാളെ പ്രയാസങ്ങൾ കൊണ്ട് പരീക്ഷിക്കും. തിന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഭൗതിക ലോകത്ത് അയാൾക്ക് ഐശ്വര്യം നൽകുകയും പരലോകത്ത് ശിക്ഷിക്കുകയും ചെയ്യും(തുർമുദി). ദുനിയാവല്ല, ആഖിറമാണ് പരമപ്രധാനമെന്ന മഹത്തായ സന്ദേശമാണ് ഈ ഹദീസിലൂടെ നബി(സ) വിശ്വാസികൾക്ക് കൈമാറുന്നത്. പ്രസ്തുത മാതൃകയിലധിഷ്ഠിതമായിരുന്നു തിരുജീവിതം. അതാവണം നമ്മുടെ വഴിയും.

---- facebook comment plugin here -----

Latest