രോഗികൾക്ക് സാന്ത്വനം നൽകുക

Posted on: November 18, 2019 1:12 pm | Last updated: November 18, 2019 at 1:12 pm

 

അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു ഒരിക്കൽ നബി(സ്വ) ചോദിച്ചു: നിങ്ങളിൽ ഇന്ന് നോന്പുള്ളവർ ആരുണ്ട്? അബൂബക്കർ(റ) പറഞ്ഞു: ഞാൻ നോന്പുകാരനാണ്. നബി വീണ്ടും ചോദിച്ചു: ഖബറടക്കാൻ കൊണ്ട് പോകുന്ന മയ്യിത്തിനെ അനുഗമിച്ചവരാരെങ്കിലും? അബൂബക്കർ(റ) പറഞ്ഞു. ഞാൻ. നബി ചോദ്യം തുടർന്നു: ആരെങ്കിലും അഗതികള്‍ക്ക് ഭക്ഷണം നൽകിയോ? അബൂബക്കർ(റ) പറഞ്ഞു: ഞാൻ നൽകി. നബി പിന്നെയും ചോദിച്ചു: ആരെങ്കിലും രോഗിയെ സന്ദർശിച്ചോ? അപ്പോഴും അബൂബക്കർ (റ) പറഞ്ഞു. ഞാൻ സന്ദർശിച്ചിട്ടുണ്ട്. നബി തുടർന്നു: ഈ സത്കർമങ്ങളെല്ലാം ചെയ്യുന്നവന് സ്വർഗീയ പ്രവേശനം ഉറപ്പാണ്. രോഗീ സന്ദർശനം പുണ്യമാണ്. തിരുചര്യയിൽ പ്രധാനപ്പെട്ടതാണത്. നബി(സ്വ)രോഗികളെ സന്ദർശിച്ച് മാതൃക കാണിക്കുകയും പ്രതിഫലാർഹമായ കാര്യമാണെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഠിന പ്രയാസവും വേദനയും സഹിക്കുന്ന രോഗിക്ക് സുഹൃത്തുക്കളുടെ സന്ദർശനവും ആശ്വാസവാക്കുകളും സാന്ത്വനമേകുന്ന കാര്യങ്ങളാണ്. ഇഷ്ടക്കാരുടെ സാമീപ്യം രോഗിയുടെ വേദനയെ ശമിപ്പിക്കുന്നതും ദുഃഖം അകലാൻ കാരണമാകുകയും ചെയ്യും. അസുഖം ബാധിച്ചവർക്ക് വേണ്ടി അവരുടെ സാന്നിധ്യത്തിൽ വെച്ച് പ്രാർഥിക്കുന്നത് തിരുചര്യയാണ്. ശമനം പ്രതീക്ഷയില്ലാത്ത രോഗികളെയാണ് സന്ദർശിക്കുന്നതെങ്കിൽ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ പറഞ്ഞ് അവനെ സന്തോഷിപ്പിക്കണം. പാപമോചനത്തിന് പ്രേരിപ്പിക്കലും സുന്നത്താണ്. എന്നാൽ, അധിക നേരം സംസാരിച്ചും ആവശ്യമില്ലാതെ കൂടുതൽ സമയം രോഗികളുടെ സമീപത്ത് ഇരുന്നും പ്രയാസപ്പെടുത്തൽ വെറുക്കപ്പെട്ട പ്രവർത്തനങ്ങളാണ്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളൊന്നും ചെയ്തുകൂടാ. നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കൽ വരേ ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. രോഗീ സന്ദർശനത്തിൽ രോഗികൾക്ക് ആശ്വാസം ലഭിക്കുക മാത്രമല്ല; സന്ദർശകർക്കും ഗുണങ്ങളുണ്ട്.

ആരോഗ്യവും യുവത്വവും അല്ലാഹുവിന്റെ നല്ല അനുഗ്രഹങ്ങളാണ്. അതിന് പകരമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ ചെയ്ത് ജീവിക്കാൻ കടപ്പെട്ടവരാണ് മനുഷ്യർ. ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നിടത്താണ് മനുഷ്യരിൽ അഹങ്കാരവും ഗർവും ഉടലെടുക്കുന്നത്. രോഗശയ്യയിൽ കിടക്കുന്ന സഹോദരനെ കാണുന്പോൾ മാനസാന്തരം സഭവിക്കാനും മനുഷ്യൻ ദുർബലനാണെന്ന ചിന്ത ഉരുത്തിരിഞ്ഞു വരാനും ഹേതുവാകുന്നു. ഇത് അവനെ വിനയാന്വിതനാക്കുകയും ദൈവിക ചിന്തയുള്ളവനാക്കി മാറ്റുകയും ചെയ്യും.

സർവ സാധാരണയായി മനുഷ്യരിലുണ്ടാകുന്ന ചെറിയ അസുഖം ബാധിച്ചവരെയല്ല സന്ദർശിക്കേണ്ടത്. അപകടങ്ങൾ സംഭവിച്ചും അകാലത്തിലും രോഗത്തിനടിമപ്പെടുന്നവരുണ്ട്. പ്രായാധിക്യം തളർത്തുന്നവരുമുണ്ട്. രോഗികളെ സമീപ്പിക്കുന്നതിൽ പ്രവാചകൻ മതം പരിഗണിച്ചിരുന്നില്ല. ശത്രുവാണോ മിത്രമാണോ എന്നും നോക്കിയിരുന്നില്ല. എല്ലാവരുടെ അരികിലും ചെന്ന് സമാശ്വസിപ്പിച്ചിരുന്നു. അവിടുത്തെ ഈ മാനസിക വിശാലത കണ്ടിട്ട് ഇസ്‌ലാം ആശ്ലേഷിച്ചവരുമുണ്ട്. തിരുദൂതരുടെ പരിചാരകനായിരുന്ന ജൂതക്കുട്ടിക്ക് രോഗം വന്നപ്പോൾ നബി സന്ദർശിക്കാൻ ചെന്ന സംഭവം അനസ്(റ) നിവേദനം ചെയ്യുന്നുണ്ട്. ഒരിക്കൽ നബി(സ്വ) പറഞ്ഞു: അന്ത്യദിനത്തിൽ അല്ലാഹു സൃഷ്ടികളോട് ചോദിക്കും “ഓ മനുഷ്യാ ഞാൻ അസുഖബാധിതനായിട്ട് നീയെന്ത്കൊണ്ട് സന്ദർശിച്ചില്ല? സൃഷ്ടികൾ അവനോട് ചോദിക്കും: ലോകരക്ഷിതാവായ നിന്നെ ഞാനെങ്ങനെ സന്ദർശിക്കാനാണ്? അല്ലാഹു അവനോട് പറയും: എന്റെ സൃഷ്ടികളിൽ പെട്ട വ്യക്തിക്ക് അസുഖം ബാധിച്ചിരുന്നുവല്ലോ അവനെ സന്ദർശിച്ചിരുന്നുവെങ്കിൽ നീ എന്റെ പ്രതിഫലവും പവിത്രതയും ലഭിച്ചവനാകുമായിരുന്നല്ലോ.(മുസ്‌ലിം)