മൂന്നാം ദിവസം ബംഗ്ലാദേശിന്റെ കഥകഴിച്ച് കോലിപ്പട

Posted on: November 16, 2019 3:19 pm | Last updated: November 16, 2019 at 8:22 pm

ഇൻഡോർ | മൂന്ന് ദിവസം. അത്രയേ വേണ്ടിയിരുന്നുള്ളൂ. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യക്ക് കൂറ്റൻ ജയം. ഒന്നിംഗ്‌സിനും 130 റൺസിനുമാണ് ഇന്ത്യ വിജയം കുറിച്ചത്. 343 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സ് 213 റൺസിൽ അവസാനിപ്പിച്ചു. ഒന്നാം ഇന്നിംഗ്‌സിൽ ബംഗ്ലാദേശ് 150 റൺസെടുത്ത് പുറത്തായിരുന്നു. സ്‌കോർ: ബംഗ്ലാദേശ് 150, 213. ഇന്ത്യ 493/6 ഡിക്ല. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുമ്പിലെത്തി. രണ്ടാം ടെസ്റ്റ് ഈ മാസം 22ന് തുടങ്ങും. കരിയറിലെ രണ്ടാം ഡബിൾ സെഞ്ച്വറി കുറിച്ച മായങ്ക് അഗർവാളാണ് കളിയിലെ കേമൻ.

ഒന്നാം ഇന്നിംഗ്‌സിലെന്ന കണക്കെ രണ്ടാം ഇന്നിംഗിസിലും ഇന്ത്യൻ ബൗളർമാർ ഉജ്ജ്വലമായി പന്തെറിഞ്ഞപ്പോൾ ബംഗ്ലാ ബാറ്റ്‌സ്മാന്മാർക്ക് പിടിച്ചു നിൽക്കാനായില്ല. നാല് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഷാമിയും മൂന്ന് വിക്കറ്റെടുത്ത അശ്വിനും ചേർന്ന് സന്ദർശകരെ വരിഞ്ഞു കെട്ടി. ഉമേഷ് യാദവ് രണ്ടും ഇശാന്ത് ശർമ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സിൽ 69.2 ഓവർ മാത്രമാണ് ബംഗ്ലാദേശിന് ബാറ്റ് ചെയ്യാൻ കഴിഞ്ഞത്. 64 റൺസെടുത്ത മുഷ്ഫിഖുർ റഹീമാണ് ടോപ് സ്‌കോറർ. മെഹ് ദി ഹസൻ 38, ലിറ്റൺ ദാസ് 35 റൺസെടുത്തു.