National
മഹാരാഷ്ട്ര: ഗവര്‍ണറുമായി ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച ശിവസേനയും സഖ്യകക്ഷികളും റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് ഗവര്‍ണറുമായി നടത്താനിരുന്ന സംയുക്ത കൂടിക്കാഴ്ചയില്‍ നിന്ന് മൂന്ന് പാര്‍ട്ടികളും പിന്മാറി. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന പാര്‍ട്ടി പ്രതിനിധികളാണ് ഇന്ന് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. ചില കാര്യങ്ങളില്‍കൂടി വ്യക്തത വരുത്താനുള്ളതുകൊണ്ടാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്എന്‍സിപിശിവസേന നേതാക്കള്‍ ഒരുമിച്ച് ഗവര്‍ണറെ കാണുമെന്നായിരുന്നു പ്രഖ്യാപിച്ചത്. വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കര്‍ഷക പ്രശ്‌നങ്ങളില്‍ ഗവര്‍ണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. കൂടിക്കാഴ്ചക്ക് ഗവര്‍ണറുടെ ഓഫീസ് അനുമതി നല്‍കിയില്ല എന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
എന്നാല്‍ നേരത്തെ ഇതേ ആവശ്യത്തില്‍ ഗവര്‍ണറെ കണ്ട പാര്‍ട്ടികള്‍ ഇപ്പോള്‍ പോവുന്നത് സഖ്യസാധ്യത അറിയിക്കാനും സാവകാശം തേടാനുമാണെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. പൊതു മിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നല്‍കാന്‍ സോണിയാ ഗാന്ധിയും പവാറും നാളെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിസ്ഥാനമാണ് തങ്ങള്‍ക്കു വേണ്ടതെന്ന നിലപാടിലാണ് ശിവസേന. എന്‍ സി പിക്ക് 14 സ്ഥാനം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 12 സ്ഥാനം മാത്രമാണു ലഭിക്കുക. ഇപ്രകാരമാണ് പൊതുമിനിമം പദ്ധതി തയ്യാറായിരിക്കുന്നത്.