ശബരിമല: യുവതീ പ്രവേശ വിധി തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് സര്‍ക്കാറിന് നിയമോപദേശം

Posted on: November 15, 2019 12:03 pm | Last updated: November 15, 2019 at 3:24 pm

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും തല്‍ക്കാലം യുവതീ പ്രവേശം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാറിന് നിയമോപദേശം. സുപ്രീം കോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് സംസ്ഥാന സര്‍ക്കാറിന് ഇത്തരമൊരു നിയമോപദേശം നല്‍കിയത്. വിശാലബെഞ്ച് ഹര്‍ജികള്‍ പരിശോധിക്കുന്ന സാഹചര്യത്തില്‍ അന്തിമ വിധി വരുന്നത് വരെ പഴയ സ്ഥിതി തുടരുകയാണ് നല്ലതെന്നാണ് ഇദ്ദേഹം നിയമോപദേശം നല്‍കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ശബരിമലയിലേക്ക് തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കണ്ടെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. യുവതികളെ കയറ്റാന്‍ മുന്‍പും ശ്രമിച്ചിട്ടില്ലെന്നും ഇനിയും ആ നില തുടരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. അങ്ങിനെ വരുന്നവര്‍ പ്രചാരണം ലക്ഷ്യമിടുന്നവരാണെന്നും അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ഡല മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ തടയുമെന്ന് ബിജെപിയും അനുബന്ധ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.