റെയില്‍വേ പാളത്തില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Posted on: November 14, 2019 2:16 pm | Last updated: November 14, 2019 at 8:13 pm

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ റെയില്‍വേ പാളത്തില്‍ ഇരിക്കുകയായിരുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഡി സിദ്ദീഖ് രാജ (22), എം ഗൗതം (20), രാജശേഖര്‍ (23), കറുപ്പസ്വാമി (24) എന്നിവരാണ് മരിച്ചത്. കൊടൈക്കനാല്‍, തേനി, വിരുത നഗര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ഗുരുതരമായി പരുക്കേറ്റ അവസാന വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി എം വിഘ്നേഷിനെ (22) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുലൂര്‍ റാവുത്തല്‍ പാലം റെയില്‍വേ മേല്‍പ്പാലത്തിനടുത്താണ് സംഭവം. പാളത്തിലിരുന്ന വിദ്യാര്‍ഥികളെ ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഡിസ്പോസിബിള്‍ കപ്പുകളും കണ്ടെടുത്തു. വിദ്യാര്‍ഥികള്‍ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.