Connect with us

Kerala

28 വര്‍ഷം നീണ്ട ശബരിമല കേസിന്റെ നാള്‍വഴികള്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം വേണമെന്നും തുല്ല്യത പൗരന്റെ അവകാശമാണെന്നും ചൂണ്ടിക്കാട്ടി 1991 മുതല്‍ നടന്ന നിയമപോരാട്ടത്തിനാണ് 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചത്്. പത്ത് മുതല്‍ 50 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികള്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ചരിത്ര വിധി പറയുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ശബരിമലക്ക് സമീപം വലിയ പ്രക്ഷോഭം നടന്നു. സ്ത്രീകള്‍ക്ക് നേരെ ആക്രമമണമുണ്ടായി. സംസ്ഥാന വ്യാപകമായി ക്രമസമാധാന ഭീഷണിയെന്നോണം പ്രക്ഷോഭം വളര്‍ന്നു. ഇതിനൊപ്പം നിയമനടപടികളിലേക്കും നീങ്ങി. വിവിധ കക്ഷികള്‍ തുടര്‍ന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുഃനപരിശോധന ഹരജികളില്‍ലണ് ഉടന്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കാന്‍ പോകുന്നത്.

യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ച് 1991 ഏപ്രില്‍ അഞ്ചിലെ കേരള ഹൈക്കോടതി കേസില്‍ ഒരു വിധി പറഞ്ഞിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രന്‍ അയച്ച ഒരു കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ച് ജസ്റ്റിസുമാരായ കെ പരിപൂര്‍ണന്‍, കെ ബി മാരാര്‍ എന്നിവരുടേതായിരുന്നു ആ വിധി. 15 വര്‍ഷത്തിന് ശേഷം 2006ല്‍ ഈ വിധിയെ ചോദ്യം ചെയ്ത് യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ അരജിത് പസായത്, ആര്‍ വി രവീന്ദ്രന്‍ എന്നിവരായിരുന്നു ആദ്യം ഈ കേസ് പരിഗണിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിലേക്ക് എത്തുന്നതോടെയാണ് ശബരിമല കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. 2017 ഒക്ടോബര്‍ 13ന് കേസ് ഭരണഘടന ബെഞ്ചിലേക്ക് എത്തി. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ, ജസ്റ്റിസുമാരായ റോഹിന്റന്‍ നരിമാന്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ എം കാന്‍വീല്‍ക്കര്‍ എന്നിവരായിരുന്നു ഭരണഘടന ബഞ്ചില്‍.

എട്ട് ദിവസത്തെ വാദം കേള്‍ക്കലിനൊടുവില്‍ 2018 സെപ്റ്റംബര്‍ 28ന് ഭരണഘടന ബഞ്ച് വിധി പറഞ്ഞു. ഭരണഘടന ബഞ്ചിലെ നാല് ജഡ്ജിമാര്‍ യുവതീപ്രവേശനം ശരിവെച്ചപ്പോള്‍ ബഞ്ചിലെ ഏക വനിത ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധി ആചാരാനുഷ്ഠാനങ്ങളെ അനുകൂലിച്ചായിരുന്നു. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരുപോലെ ആകണം എന്നതായിരുന്നു ഭൂരിപക്ഷ വിധി.

വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചു. വിധിക്കെതിരെ 56 പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തി. ഫെബ്രുവരി ആറിന് ഒറ്റദിവസത്തെ വാദം കേള്‍ക്കലിന് ശേഷം കേസ് വിധി പറയാന്‍ മാറ്റിവെച്ചു. ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് ഇപ്പോള്‍ ഈ പുനഃപരിശോധന ഹരജികളില്‍ വിധി വരുന്നത്.

Latest